തിരുവനന്തപുരം: കരാർ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡില്‍ നിന്നുള്ള കത്ത് കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന് ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ചത് കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. ഒറിജിനൽ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകു. കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി ആര്‍ അനില്‍ തയാറാക്കിയ കത്തിന്‍റെ ഒറിജിനലും ലഭിച്ചില്ല. അനാവൂർ നാഗപ്പന്‍റെ മൊഴിയെടുക്കാൻ ഇനി ശ്രമിക്കില്ല. ടെലിഫോണിൽ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.
മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. വ്യാജരേഖ ചമയ്‌ക്കലിനു കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി ഉടൻ ഡിജിപിക്ക് ശുപാർശ നൽകും. വ്യാജ കത്ത് ആണെന്ന മേയറുടെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണു ക്രൈംബ്രാഞ്ച് നടപടി.
കത്ത് വിഷയത്തിൽ എന്തു ചെയ്തു എന്നു സർക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം. കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് അന്വേഷണം തങ്ങളുടെ കൈവിട്ടു പോകാതിരിക്കാൻ കേരള പൊലീസ് നീക്കം തുടങ്ങിയത്. പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്താതെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്‌തേക്കുമെന്നു നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.
മേയറുടെ കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചവരെയും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കേരള പൊലീസിന്റെ സൈബർ ഡോമിൽ സംവിധാനമുണ്ട്. അവിടെ പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടൻ ഉറവിടം കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകർപ്പും മറ്റും ഇതുവരെ സൈബർ ഡോമിനു കൈമാറിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യം തന്നെ കൈമാറേണ്ടിയിരുന്നെങ്കിലും ഉന്നതതല ഇടപെടലിനെത്തുടർന്ന് അതു ചെയ്തിട്ടില്ലെന്നായിരുന്നു ആക്ഷേപം.