മീനങ്ങാടി : വീടിനുസമീപം പുല്ലരിയാനിറങ്ങിയ ആളെ പുഴയിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരന്ദ്രനെ (55) ആണ് കാണാതായത്.ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം. വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിനെ അന്വേഷിച്ചുചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു.
മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന് അഭ്യൂഹമുണ്ട്. പുല്ലരിഞ്ഞുവെച്ചതിന് സമീപത്തുനിന്ന് വലിച്ചുകൊണ്ടുപോയ പാടുണ്ട്. സുരേന്ദ്രന്റെ ഷൂസും തോർത്തും പുഴയ്ക്കരികിലുണ്ടായിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, എൻ.ഡി.ആർ.എഫ്., പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാരാപ്പുഴ അണക്കട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവെച്ചശേഷമാണ് തിരച്ചിലാരംഭിച്ചത്. പ്രതികൂല സാഹചര്യത്തെത്തുടർന്ന് വൈകീട്ടോടെ തിരച്ചിൽ നിർത്തി. വ്യാഴാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
വീടിനുസമീപത്തെ പുഴയിൽ കാണാതായ സുരേന്ദ്രനുവേണ്ടി തിരച്ചിൽ നടക്കുമ്പോഴും ഞെട്ടലൊഴിയാതെ ജനങ്ങൾ. എന്താണ് സംഭവിച്ചതെന്നറിയാതെ നൂറുകണക്കിനാളുകളാണ് പുഴയോരത്തെത്തിയത്. മുതല വലിച്ചുകൊണ്ടുപോയെന്ന വാർത്തകേട്ട് പരിസരവാസികളും സ്ത്രീകളുമെല്ലാം തരിച്ചുനിന്നു. പുഴയിൽ എത്ര നീരൊഴുക്കുണ്ടെങ്കിലും ഇറങ്ങി പരിചയമുള്ള സുരേന്ദ്രൻ ഈ വെള്ളത്തിൽ അപകടത്തിൽപ്പെടുമെന്ന് ഇവരാരും വിശ്വസിക്കുന്നില്ല. നാലുമണിക്കൂറോളം തിരച്ചിൽ നടന്നപ്പോഴും സുരേന്ദ്രന് എന്തുപറ്റിയെന്ന ഭീതിനിറഞ്ഞ മുഖവുമായി എല്ലാവരും കരയിൽ കാത്തുനിന്നു.
കാരാപ്പുഴ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിൽ മുതലയുണ്ടോ എന്ന സംശയവും ഉയർന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈല പറഞ്ഞതനുസരിച്ച് ഏതോ ജീവി വലിച്ചുകൊണ്ടുപോയെന്നാണ് അറിഞ്ഞത്. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. കാരാപ്പുഴയിൽനിന്നുള്ള ജലം ഒഴുകിയെത്തുന്നത് പനമരം പുഴയിലേക്കാണ്. പനമരം പുഴയിൽ പലതവണ മുതലകളെ കണ്ടിട്ടുമുണ്ട്.
വർഷങ്ങൾക്കുമുമ്പ് ഒരുമുതല കാരാപ്പുഴ അണക്കെട്ടിനുമുകളിൽ എത്തിയിരുന്നു. ഇതിനെ പിടിച്ചുകൊണ്ടുപോയി. മാസങ്ങൾക്കുശേഷം റിസർവോയറിനു താഴെ രണ്ട് മുതലകളെ കണ്ടു. ഈ സംഭവങ്ങൾ ചേർത്തുവായിക്കുമ്പോൾ പുഴയിൽ മുതലയുണ്ടോ എന്ന അഭ്യൂഹം ശക്തിപ്പെട്ടു. ആരോഗ്യവാനായ സുരേന്ദ്രനെ 20 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോകണമെങ്കിൽ ശക്തിയുള്ള ഏതോ ജീവിയായിരിക്കുമെന്നാണ് ബന്ധുവായ ഷാജി പറഞ്ഞത്.
കാരാപ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവെച്ചപ്പോൾ പുഴയിലെ ഒഴുക്ക് കുറഞ്ഞെങ്കിലും തോരാമഴ തിരച്ചിലിന് തടസ്സമായി. ആദ്യം നാട്ടുകാരും പിന്നീട് അഗ്നിരക്ഷാസേനയും തിരച്ചിലാരംഭിച്ചു. പിന്നീട് ദേശീയ ദുരന്തനിവാരണസേനയും തുർക്കി ജീവൻരക്ഷാസമിതിയും കൂടുതൽ ഉപകരണങ്ങളുമായെത്തി തിരച്ചിൽ നടത്തി. വെളിച്ചക്കുറവും ശക്തമായ മഴയും കാരണം ആറരയോടെ തിരച്ചിലവസാനിപ്പിച്ചു. സുരേന്ദ്രന് എന്താണ് സംഭവിച്ചതെന്നറിയാതെയാണ് പുഴയോരത്ത് കാത്തുനിന്നവർ മടങ്ങിയത്.