കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളിൽ ഒരാൾകൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലാണ് പിടിയിലായത്. ഇയാളെ പാലക്കാട് നിന്നുമാണ് പിടികൂടിയത്. കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.
18-നാണ് സിദ്ധാർഥൻ മരിച്ചതെങ്കിലും നാഷണൽ ആന്റി റാഗിങ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് സംഭവം മാറുന്നത്. അതുവരെ അസ്വാഭാവികമരണത്തിനാണ് കേസെടുത്തത്. റാഗിങ് നടന്നതായി കുട്ടികൾതന്നെ കോളേജ് അധികൃതർക്ക് മൊഴിനൽകി.
അതേസമയം ബുധനാഴ്ച ഉച്ചയോടെ കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശിയായ അഭിഷേക് എസ്, തൊടുപുഴ സ്വദേശിയായ ഡോണ്‍സ് ഡായി, തിരുവനന്തപുരം സ്വദേശികളായ ആകാശ് എസ്.ഡി. കൊഞ്ചിറവിള, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍.ഡി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തിരുന്നു.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.
16ന് രാത്രി ഹോസ്റ്റലിലുംനടുമുറ്റത്തുവെച്ചും സിദ്ധാര്‍ഥനെ മൂന്നുമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിച്ചെന്നാണ് പോലീസ് പറയുന്നത്. വയറിന് ചവിട്ടുകയും നെഞ്ചില്‍ ഇടിക്കുകയും ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ഥനെ കൈകാര്യംചെയ്യണമെന്ന ലക്ഷ്യത്തോടെതന്നെയാണ് പ്രതികള്‍ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ രഹാനാണ് വിളിച്ചത്. ഒളിവില്‍ക്കഴിയുന്ന സിന്‍ജോ ജോണ്‍സും അഖിലുമാണ് ആക്രമണം ആസൂത്രണംചെയ്തതെന്നാണ് മൊഴി.