ചെന്നൈ: അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 28 ന് തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നു. തുടർന്നു ചികിത്സയിലായിരുന്നു. രമ്യയും 2 മക്കളും രണ്ടാഴ്ച മുൻപാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്.
ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. ദമ്പതികൾക്കു പെൺകുഞ്ഞു കൂടാതെ 5 വയസ്സുള്ള മകനുമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)