സെമി കണ്ടക്ടര്‍ ചിപ്പുകള്‍ക്ക് ക്ഷാമം,വാഹനിര്‍മ്മാണം സ്തംഭനാവസ്ഥയില്‍
മുംബൈ:സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറുകള്‍ക്ക് മാത്രമല്ല, മൊബൈല്‍ ഫോണ്‍, ഗെയിമിംഗ് കണ്‍സോള്‍, മറ്റ് ഹാന്‍ഡി ഗാഡ്‌ജെറ്റ് സെഗ്മെന്റുകള്‍ എന്നിവയിലെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകള്‍. ഇത്തരം സാധനങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്. ടയര്‍ പ്രഷര്‍ ഗേജുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കൂടാതെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ആവശ്യമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ ഭാഗങ്ങള്‍ പ്രധാനമാണ്. ഒപ്പം എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍,വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചിപ്പുകള്‍ ആവശ്യമാണ്.
ആഗോള തലത്തില്‍ വളരെ കുറച്ച് ചിപ്പ് നിര്‍മാണ കമ്പനികള്‍ മാത്രമാണുള്ളത്. ഇവരെ ആശ്രയിച്ചാണ് ഇന്നുള്ള പല വ്യവസായ സംരംഭങ്ങളും നിലനില്‍ക്കുന്നത്. കൊവിഡ്-19 വൈറസ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആരംഭിച്ചത്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍, കംപ്യൂട്ടിങ്, ഗെയിമിങ് ഉപകരണങ്ങളുടെ ആവശ്യമേറി. പിന്നീട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുകയും വ്യവസായ സ്ഥാപനങ്ങളെല്ലാം ഒന്നിച്ച് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്‍തതും ചിപ്പ് നിര്‍മാണ രംഗത്തെ പ്രതിസന്ധിയ്ക്കിടയാക്കി. ലോക്ക്ഡൗണില്‍ ഫാക്ടറികള്‍ അടച്ചുപൂട്ടിയ ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, ഫോര്‍ഡ് ഉള്‍പ്പടെയുള്ള വന്‍കിട വാഹനനിര്‍മാതാക്കളെല്ലാം ഫാക്ടറികള്‍ ഒന്നിച്ച് തുറന്നതും ആവശ്യക്കാര്‍ കുത്തനെ വര്‍ധിക്കുന്നതിനിടയാക്കി.
അതേസമയം വാഹനനിര്‍മാതാക്കളേക്കാള്‍ വലിയ വിലയില്‍ ചിപ്പ് വാങ്ങാന്‍ തയ്യാറാണെന്ന് ആപ്പിള്‍ പോലുള്ള ടെക്ക് കമ്പനികള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതും വാഹനലോകത്തിന് തിരിച്ചടിയാകും. ഇതുമൂലം ഓട്ടോ മൊബൈല്‍ വ്യവസായത്തിന് ഈ വര്‍ഷം കനത്ത നഷ്‍ടം ഉമുണ്ടാക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ചിപ്പുകളുടെ ലഭ്യത കുറഞ്ഞതിനാല്‍ ഫോര്‍ഡ്, ഫിയറ്റ് തുടങ്ങിയ ഉല്‍പാദന പ്രക്രിയ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.