FeaturedKeralaNews

മരിച്ചതായി തീർച്ചപ്പെടുത്തി സംസ്കരിക്കപ്പെട്ടയാൾ മാസങ്ങൾക്കു ശേഷം തിരിച്ചെത്തി

പാലാ:മരിച്ചതായി തീർച്ചപ്പെടുത്തി സംസ്കരിക്കപ്പെട്ടയാൾ മാസങ്ങൾക്കു ശേഷം തിരിച്ചെത്തി.കുടശ്ശനാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോൻ്റെയും അമ്മിണിയുടെയും 5 മക്കളിൽ ഇളയവനായ സക്കായി എന്നു വിളിക്കുന്ന സാബു (35) ആണ് ഇന്നലെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്

കഴിഞ്ഞ ഡിസംബർ 25നു പുലർച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയിൽ അജ്ഞാത വാഹനമിടിച്ചു യുവാവ് മരിച്ചിരുന്നു. സാബുവിനേക്കുറിച്ച് ഏറെ നാളായി വിവരമല്ലാതിരുന്ന സഹോദരനും ബന്ധുക്കളും ഫോട്ടോ കണ്ടു സംശയമുണ്ടായി. തുടർന്ന്, പാലാ പോലീസുമായി ബന്ധപ്പെടുകയും അവിടെയെത്തി മൃതദേഹം കണ്ടു സാബുവാണെന്നു തീർച്ചപ്പെടുത്തുകയുമായിരുന്നു.

മൃതദേഹത്തിൽ മുകൾവശത്തെ മൂന്നു പല്ലുകൾ ഇല്ലാതിരുന്നതും മരിച്ചതു സാബുവാന്നെന്ന സംശയം ബലപ്പെടുത്തി. എന്നാൽ, മൃതദേഹം സാബുവിൻ്റേതല്ലെന്നു ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്മയും സഹോദരനുമുൾപ്പെടെ തറപ്പിച്ചു പറയുകയായിരുന്നു.

തുടർന്ന് 26-ാം തീയതി നടപടികൾ പൂർത്തിയാക്കിയ പാലാ പോലീസിന്, മതാചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം വിട്ടു നല്കണമെന്ന് എഴുതി നല്കിയാണ് 27നു മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിൽ സൂക്ഷിച്ചു. സാബുവിൻ്റെ അമ്മയും വിദേശത്തുള്ള സഹോദരന്മാർ എത്തിച്ചേർന്ന് അവരും മൃതദേഹം തിരിച്ചറിഞ്ഞു. 30നു കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സുഹൃത്തായ ഹരിശ്രീ ബസ് ഡ്രൈവർ മുരളീധരൻ നായരെ കാണാൻ കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സാബു ജീവനോടെയുണ്ടെന്നറിയുന്നത്. തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാൻ്റീനിൽ ജോലിയാണെന്നും, തൻ്റെ ഫോൺ കേടായതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും, തൻ്റെ ‘മരണവും സംസ്കാര’വുമൊന്നും അറിഞ്ഞില്ലെന്നും സാബു പറഞ്ഞു.

സാബുവിനെ കണ്ടെത്തിയ വിവരം അറിയിച്ച് ഒരു വീഡിയോ മുരളീധരൻ നായർ അവരുടെ ഒരു ഗ്രൂപ്പിലിട്ടു. ഇതു കണ്ട ശരത് എന്ന സുഹൃത്ത് സാബുവിൻ്റെ അമ്മ, സഹോദരൻ സജി എന്നിവരുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടു. തുടർന്നു നഗരസഭാ കൗൺസിലർ സീനയെയും സമീപവാസിയായ രാജീവിനെയും വിവരമറിയിക്കുകയും വീഡിയോ കോളിലൂടെ സംസാരിച്ച് ഉറപ്പു വരുത്തിയതിനു ശേഷം പന്തളം പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

നവംബർ 20 നു തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയുടെ 46,000 രൂപയും മോഷ്ടിച്ചു കടന്ന കേസിൽ ഇയാളെ മെഡിക്കൽ കോളേജ് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായാ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അടൂർ ഡിവൈഎസ്പി ബി. വിനോദ് പറഞ്ഞു. ഇയാളെ തിരുവനന്തപുരത്തു നിന്നെത്തിയ പോലീസ് സംഘത്തിനു കൈമാറി.

അപകട മരണ വാർത്ത കണ്ട് ഝാർഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തിൽ അവിടെ നിന്നും ചിലർ അന്വേഷിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇതേത്തുടർന്നു ഡിഎൻഎ പരിശോധനയ്ക്കായി രക്തം ശേഖരിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു തുടരന്വേഷണത്തിനായി പാലാ പോലീസ് ഉടൻ തന്നെ പന്തളത്തെത്തുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button