കൊച്ചി: കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി, ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറ്റിയ മധ്യവയസ്കനെ റിമാൻഡ് ചെയ്തു. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ ആഷ്‍ലിയെ (53) ആണു സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ആഷ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളകളുണ്ടെന്ന് പറയപ്പെടുന്ന ആഷ്്‌ലി ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്.
സംഭവത്തിന്റെ ഞെട്ടലില്‍നിന്നും കീര്‍ത്തന ഇതുവരെ മുക്തയായിട്ടില്ല. വ്യാഴാഴ്ച രാത്രി 10.50നാണ് സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീർത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങവേ തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങാൻ ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തു കാർ നിർത്തി. മകളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് ശ്രീജിത്ത് കാറിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറിൽ നിന്നു വന്ന ആഷ്‍ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറിൽ കയറി.
കീർത്തന ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാൾ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാർ നിയന്ത്രണം വിട്ടു സമീപത്തെ പാനിപ്പൂരി കടയിൽ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി. ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയിൽ തട്ടി കാർ നിന്നതിനാലാണു വലിയ ദുരന്തം ഒഴിവായത്.
തലനാരിഴയ്ക്കാണ് കീര്‍ത്തനയും രണ്ടര വയസ്സുകാരി മകളും രക്ഷപ്പെട്ടത്. കീര്‍ത്തനയ്ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ചില്ല് തെറിച്ച് വീണ് കുഞ്ഞിന് നേരിയ മുറിവും. പിന്നാലെ ഓടിവന്ന ശ്രീജിത്തും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. എയർബാഗ് ഉണ്ടായിരുന്നതിനാലാണ് കീർത്തനയും മകളും ഗുരുതര പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.