ന്യൂഡൽഹി: കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജിയിൽ തീർപ്പ് കൽപ്പിക്കുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോൾ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
ഹർജി അടിയന്തിരമായി കേൾക്കണമെന്ന് സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. കർണാടകത്തിൽ നടക്കുന്നത് തങ്ങൾ വീക്ഷിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
പതിനഞ്ചാം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും അതിനാൽ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാൽ പരീക്ഷയ്ക്ക് ഹാജരാകാൻ ബുദ്ധിമുട്ടാകുമെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് സിഖ് മത വിഭാഗത്തിൽപ്പെട്ടവർക്ക് ഉൾപ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിയിൽ ഉടൻ വാദംകേൾക്കാൻ ചീഫ് ജസ്റ്റിസ് വിസ്സമ്മതിച്ചു.
ഹിജാബ് വിവാദത്തിൽ യൂത്ത് കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കാനുള്ള മുസ്ലിം സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്സും സുപ്രീം കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് അഖിലിന്ത്യാ പ്രസിഡണ്ട് ബി.വി. ശ്രീനിവാസാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ കുന്ദാപൂരിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലും നിരവധി മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ഭണ്ഡാര്‍ക്കര്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹിന്ദുത്വത്തിന്റെ പ്രതീകമായ കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്.
വിഷയം വലിയ വിവാദമായതോടെ, പ്രതിപക്ഷം മുസ്ലീം പെണ്‍കുട്ടികളുടെ മൗലികാവകാശങ്ങളെ പിന്തുണച്ച് രംഗത്തെത്തി. ഹിജാബ് വിവാദത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ചില കരങ്ങളുണ്ടെന്ന് സംസ്ഥാനത്തെ പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആരോപിച്ചു. നമ്മുടെ രാജ്യത്തിന് എതിരായ ചിലര്‍ ചില കുപ്രചരണത്തിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ആഗോളതലത്തില്‍ ഇന്ത്യയുടെ നിലയും നമ്മുടെ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്രതലത്തില്‍ ലഭിക്കുന്ന ബഹുമാനവും അവര്‍ക്ക് സഹിക്കാനാകുന്നില്ല’, നാഗേഷ് പിടിഐയോട് പറഞ്ഞു.
കുന്ദാപുര നഗരത്തിലെ ഒരു സ്വകാര്യ കോളേജിന് പുറത്ത് കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികളും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആര്‍എന്‍ ഷെട്ടി കോളേജിന് അവധി പ്രഖ്യാപിച്ചു. ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ച് മാര്‍ച്ച് നടത്തി സമാനമായ സാഹചര്യം ഭണ്ഡാര്‍ക്കര്‍സ് കോളേജിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളേജില്‍ ഹിജാബ് നിരോധിക്കുന്നത് വരെ കാവി ഷാള്‍ ധരിക്കുമെന്നാണ് ഇവരുടെ വാദം. എന്നാല്‍, വിദ്യാര്‍ത്ഥികളോട് ഷാള്‍ മാറ്റി കോളേജില്‍ പ്രവേശിക്കാന്‍ കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടു. അതേസമയം ഭണ്ഡാര്‍ക്കര്‍സ് കോളേജിലെ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളേജിനുള്ളില്‍ പ്രവേശിപ്പിക്കാനുളള്ള അനുമതി കോളേജ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
ഏകദേശം ഒരു മാസം മുമ്പ്, ഉഡുപ്പിയിലെ ഗവണ്‍മെന്റ് പിയു കോളേജില്‍ ആറ് പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് അവരുടെ ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടികള്‍ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കുന്നത് കോളേജ് വികസന സമിതി തടഞ്ഞതോടെ തങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. ഈ വിഷയം നിയമപരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുണ്ടോ? ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നുണ്ടോ? എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം ‘എല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്’. സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്ന് ഭരണകൂടം ഉറപ്പു നല്‍കുന്ന ഒരു അവകാശമാണിത്. എന്നാല്‍, എല്ലാ മൗലികാവകാശങ്ങളെയും പോലെ, ക്രമസമാധാനം, ധാര്‍മ്മികത, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ അവകാശങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്.
ഹിജാബ് ചര്‍ച്ചകള്‍ പലതവണ കോടതികളില്‍ എത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി ഈ വിഷയത്തില്‍ രണ്ട് വിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്ലാം തത്വങ്ങള്‍ക്കനുസൃതമായി മുസ്ലീം സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാനുള്ള അവകാശം സംബന്ധിച്ച് പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് കോടതിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
2018ല്‍ ഒരു സ്‌കൂള്‍ നിര്‍ദേശിച്ച യൂണിഫോമിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഫാത്തിമ തസ്നീം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹര്‍ജിക്കാരന്റെ വ്യക്തിഗത അവകാശങ്ങളേക്കാള്‍ ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ശിരോവസ്ത്രവും ഫുള്‍കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നുള്ള പന്ത്രണ്ടും എട്ടും വയസുള്ള പെണ്‍മക്കളുടെ ആവശ്യവുമായി പിതാവാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാര്‍ നിലവില്‍ ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളി.
എന്നാല്‍ 2015ല്‍, സിബിഎസ്ഇ അഖിലേന്ത്യാ പ്രീ-മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ഹാജരായ രണ്ട് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവ് വസ്ത്രവും ധരിക്കാന്‍ കേരള ഹൈക്കോടതിയിലെ മറ്റൊരു സിംഗിള്‍ ബെഞ്ച് ജഡ്ജി അനുമതി നല്‍കിയിരുന്നു.