കൊച്ചി: ജാതീയ ആധിക്ഷേപമടക്കം ചൂണ്ടിക്കാട്ടി നര്‍ത്തകനും നടനുമായ ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ കേസിൽ നർത്തകി സത്യഭാമയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 27-വരെ അറസ്റ്റുചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
ഒരു യുട്യൂബ് ചാനലിന് സത്യഭാമ നൽകിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശം നടത്തി എന്ന ആരോപണം ഉയർന്നത്. തുടർന്ന് രാമകൃഷ്ണൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ചാലക്കുടി പോലീസിന് നല്‍കിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു.
പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമമടക്കം ചുമത്തിയായിരുന്നു കേസെടുത്തത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി നെടുമങ്ങാട് എസ്.സി., എസ്.ടി. പ്രത്യേക കോടതിയെ സത്യഭാമ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആര്‍.എല്‍.വി. രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു യുട്യൂബ് ചാനലിലൂടെ സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പ്രതികരണവുമായി രാമകൃഷ്ണന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചര്‍ച്ചയായത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി. രാമകൃഷ്ണന്‍. രണ്ടാം പ്രതിയായ യുട്യൂബ് ചാനൽ ഉടമയ്ക്ക് നെടുമങ്ങാട് കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.