ഹരിപ്പാട്: ബന്ധുക്കളും അയൽവാസികളുമായവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമൻ(56)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. സോമൻ സി.പി.എം. പ്രവർത്തകനാണ്. സംഭവത്തിൽ വിമുക്തഭടൻ കുറവന്തറ പ്രസാദി(50) നെ പ്രതിയാക്കി പോലീസ് കേസെടുത്തു.
നെഞ്ചിലും പുറത്തും വെടിയേറ്റ നിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടരയോടെ മരിച്ചു.
എയർഗൺ ആണെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചതിനാലാണ് മരണത്തിനിടയാക്കുംവിധം പരിക്കേറ്റതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ഇരുകൂട്ടരുടെയും വീടുകൾ അടുത്തടുത്താണ്. പ്രസാദും സഹോദരൻ ഹരിദാസനും നേരത്തേ മുതൽ സോമനുമായി തർക്കമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇവർ തമ്മിൽ വഴക്കുണ്ടായതായും പറയുന്നു. പരസ്പരം വീടുകയറി ആക്രമിച്ചതായും പരാതിയുണ്ട്. ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തർക്കത്തിനിടെയാണ് പ്രതി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനുശേഷം ഓടിപ്പോയ പ്രതിയെ കണ്ടെത്താൻ പോലീസ് രാത്രിയിലും തിരച്ചിൽ നടത്തി.
മരിച്ച സോമൻ മുൻപ് വിദേശത്തായിരുന്നു. പിന്നീട് നാട്ടിലെത്തി ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചുവന്നത്. സുമതിയാണു ഭാര്യ.
പ്രതി ബി.ജെ.പി. പ്രവർത്തകനാണെന്ന് സി.പി.എം. നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ രാഷ്ട്രീയമുണ്ടോയെന്നത് ഉൾപ്പെടെയുള്ള വിവരം അന്വേഷിച്ചുവരികയാണെന്നാണു പോലീസ് പറയുന്നത്.