തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായികതാരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ചു. രാജ്യാന്തര മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 90, മൂന്നാം സ്ഥാനത്തിന് 80, പങ്കെടുക്കുന്നതിന് 75.
ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 50, രണ്ടാം സ്ഥാനത്തിന് 40, മൂന്നാം സ്ഥാനത്തിന് 30, പങ്കെടുക്കുന്നതിന് 25 എന്നിങ്ങനെയാണ് മാർക്ക്. കഴിഞ്ഞ മാസം നടത്തിയ പരിഷ്കരണത്തിൽ കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. രാജ്യാന്തര മെഡൽ ജേതാക്കൾക്ക് പരമാവധി ഗ്രേസ് മാർക്ക് 30 ആണ് തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ 100 മാർക്ക് വരെയായി ഉയർത്തിയത്.
സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ഗ്രേസ് മാർക്കും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി25 രാജ്യപുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് 40, രാഷ്ട്രപതി സ്കൗട്ട് ആൻഡ് ഗൈഡ്സ് 50. എൻഎസ്എസ്: റിപ്പബ്ലിക് ദിന ക്യാംപിൽ പങ്കെടുക്കുന്ന വൊളന്റിയേഴ്സിന് 40. ഈ അധ്യയനവർഷത്തേക്ക് മാത്രമാണ് പരിഷ്കാരം. അടുത്ത അധ്യയന വർഷത്തേക്ക് സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് ഗ്രേസ് മാർക്ക് പുനർനിർണയിക്കും.