ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താൻ പോകുന്നതെന്ന് ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ പഠിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. നാളെ കേരളത്തിലേക്കു മടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കൂടുതൽ വിമർശനങ്ങളുമായി ഗവർണർ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്കും ഗവർണർ അതേ നാണയത്തിൽ തിരിച്ചടി നൽകി.
സർവകലാശാലകളിൽ ആർഎസ്എസ് നോമിനികളെയോ തന്റെ ഇഷ്ടക്കാരെയോ നിയമിച്ചെന്നു തെളിയിച്ചാൽ ഗവർണർ പദവി രാജിവയ്ക്കാമെന്നു ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അനാവശ്യമായി സർക്കാർ നടപടികളിൽ ഇടപെട്ടെങ്കിൽ മുഖ്യമന്ത്രി തെളിവുകൾ പുറത്തു വിടണം. തെളിയിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്നും ഗവർണർ വെല്ലുവിളിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
രാജി വയ്ക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ വിസിമാർക്ക് നോട്ടിസ് നൽകിയെങ്കിലും വിശദീകരണം കിട്ടിയിട്ടില്ല. വിശദീകരണം നൽകാൻ ഈ മാസം എഴു വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. നോട്ടിസ് നൽകിയതിനെതിരെ വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമപരമല്ലാതെയാണ് ഗവർണർ പ്രവർത്തിച്ചെങ്കിൽ കോടതി നടപടിയെടുക്കട്ടെ. ചാൻസലർ പദവി ഒഴിയാൻ മുഖ്യമന്ത്രിയോട് സന്നദ്ധത അറിയിച്ചിരുന്നു. തന്റെ നിർദേശങ്ങൾ അംഗീകരിച്ച മുഖ്യമന്ത്രി പദവിയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു.
സിപിഎം നേതാക്കളുടെ യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളിൽ നിയമിച്ചാണോ ഉന്നത വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതെന്നു ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോള്‍ മാധ്യമങ്ങളുടെ വായ് മൂടപ്പെടുന്നതായി ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്നവർ സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരെ നിയമിക്കാൻ ഇടപെടുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ കള്ളക്കടത്തിൽ ഉൾപ്പെട്ടാലും സർവകലാശാലകളിലെ നിയമനങ്ങളിൽ ഇടപെട്ടാലും നിയമപരമായി ഗവർണർക്ക് ഇടപെടാം. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന കാര്യങ്ങൾ കേരളത്തിലുള്ള എല്ലാ ആളുകൾക്കും അറിയാം. ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ താൻ ആരോപണം ഉന്നയിക്കുന്നതല്ലെന്നും കേരളത്തിലെ ജനങ്ങൾ സംസാരിക്കുന്നതാണ് പറയുന്നതെന്നും ഗവർണർ പറഞ്ഞു.
മന്ത്രിമാരും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആരാണ് സ്വപ്ന സുരേഷിനെ ഹിൽസ്റ്റേഷനിലേക്കു കൂടെച്ചെല്ലാൻ വിളിച്ചതെന്നു ഗവർണർ ചോദിച്ചു. സ്വർണക്കടത്തു കേസിൽ ബന്ധമുള്ളതു കൊണ്ടാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വപ്ന സുരേഷ് ശിവശങ്കറിനെ കാണാൻ പലതവണ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സ്വപ്നയ്ക്കു സർക്കാർ സ്ഥാപനത്തിൽ ജോലി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസംഗത്തെയും ഗവർണർ വിമർശിച്ചു. മന്ത്രി പ്രാദേശികവാദം പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ദേശീയ ഐക്യത്തിനു അത് വെല്ലുവിളിയാണ്. തിരുവിതാംകൂറിലെ ദിവാൻ ദേശീയ ഐക്യത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായതെന്താണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ ജീവിക്കുന്നുണ്ട്. വിവാദ പ്രസ്താവനയിലൂടെ മന്ത്രി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വവും മന്ത്രി പറഞ്ഞത് അംഗീകരിച്ചിട്ടില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.