തിരുവനന്തപുരം: അവഹേളിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നായിരുന്നു ഭരണഘടന ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനം എടുക്കുന്നത്. ഇത് ഭരണഘടനയുടെ വ്യവസ്ഥയും രാജ്യത്ത് സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല ഭരണഘടനയെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാ വിരുദ്ധമാവില്ലേയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
അപ്രീതി തോന്നിയാല്‍ മന്ത്രിയെ തിരിച്ചുവിളിക്കുമെന്നൊരു മുന്നറിയിപ്പ് ഗവര്‍ണര്‍ നല്‍കിയിരുന്നു, മുഖ്യമന്ത്രി ശ്രദ്ധിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ മറുപടി. പിന്നീട് ഭരണഘടനയും ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ വാചകവും കോടതി പരാമര്‍ശങ്ങളും പ്രതിപാദിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കി.
‘ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ച് ആ വഴിക്ക് നീങ്ങിയാല്‍ അത് സാധുവാകുകയില്ല’, മുഖ്യമന്ത്രി പറഞ്ഞു.
‘ആരും ആരേയും വിമര്‍ശിക്കാന്‍ പാടില്ലെന്ന നില സ്വീകരിക്കുന്നത് സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല. വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനുമെല്ലാം സാഹചര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. ഫെഡറല്‍ തത്വം പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. പാര്‍ലിമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണറുടെ കടമയും കര്‍ത്തവ്യവും എന്തെല്ലാമാണെന്ന് വ്യവസ്ഥയുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കര്‍ത്തവ്യവും കടമയും നിര്‍വ്വചിച്ചിട്ടുണ്ട്. കോടതി വിധികളിലൂടെ അതിന് വ്യക്തതയും വരുത്തിയിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരം വളരെ ഇടുങ്ങിയതാണ് എന്നാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുള്ളത്.
മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്’, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.