ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും പിന്നീട് രോഗബാധ ഉണ്ടായാൽ ചികിത്സയ്ക്കായി അധികൃതരിൽ നിന്നും സാമ്പത്തിക സഹായം നൽകില്ലെന്ന് പഞ്ചാബ് സർക്കാർ. ഇത്തരക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമ്പോൾ ക്വാറന്റെയ്‌നിൽ പ്രവേശിക്കാൻ അവധി അനുവദിക്കില്ലെന്നും പഞ്ചാബ് സർക്കാർ വ്യക്തമാക്കി. പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിദ്ധുവാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ചില ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നുണ്ടെന്ന് സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. വൈറസ് വ്യാപനം തടയാൻ വാക്‌സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം ലഭിച്ചിട്ടും കുത്തിവെയ്‌പ്പെടുക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകില്ലെന്നാണ് ബൽബീൽ സിദ്ധു വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാർ ചികിത്സാ ചെലവ് സ്വയം വഹിക്കേണ്ടി വരും.
പഞ്ചാബിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. 3000 ത്തോളം പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് രോഗവ്യാപനം വർധിക്കുന്ന ആറു സംസ്ഥാനങ്ങളിൽ പഞ്ചാബും ഉൾപ്പെടുന്നുണ്ട്.