കോട്ടയം:തടിപിടിക്കാനെത്തിയ ആന വണ്ടിയുടെ ഇരമ്പൽകേട്ട് ഭയന്നോടി വീട്ടുമുറ്റത്തെ കിണറ്റിൽ കുരുങ്ങി. ആഴമേറിയ കിണറ്റിലേക്ക് വീഴാതെ ആനയെ രക്ഷിച്ചത് പിന്നാലെയെത്തിയ പാപ്പാന്മാരുടെ സമയോചിതമായ ഇടപെടൽ. പാലാ വേണാട്ടുമറ്റം നന്ദുവിന്റെ ‘കല്യാണി’ എന്ന ആനയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ കുഴിമറ്റത്താണ് സംഭവം. നെല്ലിക്കൽ കവലയ്ക്കുസമീപം തടിപിടിക്കാനെത്തിയ ആന, വണ്ടിയുടെ ശബ്ദംകേട്ട് വിരണ്ടോടുകയായിരുന്നു.
പെരിഞ്ചേരിക്കുന്ന്, ആയുർവേദാശുപത്രിക്കു സമീപത്തെ റോഡ്, പരുത്തുംപാറക്കവല വഴി പനച്ചിക്കാട് പഞ്ചായത്തോഫീസിന് മുൻവശത്തെ റോഡിലൂടെ നാലു കിലോമീറ്ററോളം ആന ഓടി. കുഴിയാത്ത് കുഴിക്കാട്ട് റോഡിലൂടെ പോകുന്നതിനിടെ ഗേറ്റ് തുറന്ന് കിടന്ന വീട്ടുമുറ്റം വഴി കയറി മൂന്നു വീട് പിന്നിട്ട് സീതാഭവൻ വീടിന്റെ മുറ്റത്തെത്തി.
വീട്ടുമുറ്റത്തെ കിണറിനും മതിലിനുമിടയിലൂടെ മുന്നോട്ടോടാൻ ശ്രമിക്കുന്നതിനിടെ കിണറിനുമുകളിൽ ചട്ടത്തിലുറപ്പിച്ച ഇരുമ്പുവലയിലേക്ക് ആന മുൻകാലുകളെടുത്തുവെച്ചു. ഇതോടെ മോട്ടോർ കിണറ്റിൽ പതിച്ചു. ഇരുമ്പുവലയിൽ കാൽകുരുങ്ങിയ ആന തുമ്പിക്കൈ കുത്തി മുന്നോട്ടുവീണു. വീണുകിടക്കുന്ന ആനയെ പിന്നോട്ടു നടത്തി രക്ഷിക്കാനുള്ള ശ്രമമായി പിന്നീട്. പാപ്പാന്മാരുടെ നിർദേശങ്ങൾ ആന അനുസരിക്കാൻ തുടങ്ങുന്നതിനിടെ കിണറിന്റെ രണ്ടു തൂണുകളും നിലം പൊത്തി. അരമണിക്കൂർനേരത്തെ പരിശ്രമത്തിൽ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴാതെ ആനയെ രക്ഷിക്കാനായി.
വീഴ്ചയിൽ ആനയുടെ വായ, തുമ്പിക്കൈ, ഉൾപ്പെടെ ശരീരഭാഗങ്ങളിലും പരിക്കേറ്റു. രക്ഷാപ്രവർത്തനിറങ്ങിയവരിൽ ഒരാളുടെ കൈയ്ക്കും പരിക്കുണ്ട്. പിന്നീട് അനുസരണകാട്ടിയ ആനയെ സമീപത്തെ തേക്കിൽ തളച്ചു. വെള്ളം നൽകിയശേഷം സ്ഥലത്തുനിന്ന് കൊണ്ടുപോയി. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.