ദോഹ:ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനുള്ള അവസരം നഷ്ടമാക്കി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി പ്രതിരോധിച്ചു.
13–ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി. പോർച്ചുഗൽ 4–3–3 ഫോർമേഷനിലും ഘാന 5–4–1 ഫോർമേഷനിലുമാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. ഖത്തറിൽ ലോകകപ്പ് കളിക്കുന്നതിൽ ‘ക്ലബ് ഇല്ലാത്ത’ ഒരേയൊരു താരമാണ് റൊണാൾഡോ. വിജയത്തോടെ ഖത്തറിൽ തുടങ്ങാനാണ് റൊണാൾഡോയുടേയും പോര്‍ച്ചുഗലിന്റെയും ശ്രമം. അതേസമയം ഈ വർഷം നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായിരുന്നു ഘാന.
പോർച്ചുഗൽ ടീം– ഡീഗോ കോസ്റ്റ, ജോവാ കാൻസെലോ, ഡാനിലോ പെരേര, റുബൻ ഡയാസ്, റാഫേൽ ഗരേരോ, റുബൻ നെവസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഒട്ടാവ്യോ, ജോവാ ഫെലിക്സ്, ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഘാന ടീം– ലോറൻസ് അതി സിഗി, അലിദു സെയ്ദു, ഡാനിയൽ അമാർട്ടെ, അലക്സാണ്ടർ ജിക്കു, മുഹമ്മദ് സാലിസു, അബ്ദുൽ റഹ്മാൻ ബാബ, മുഹമ്മദ് കുദുസ്, തോമസ് പാർട്ടി, സാലിസ് അബ്ദുൽ സമദ്, ആന്ദ്രെ അയു, ഇനാകി വില്യംസ്.