ഹൈദരാബാദ്: യുവാവിനെ കൊല്ലാനായി ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കളും ബന്ധുക്കളും അടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഖമ്മാം സ്വദേശി ക്ഷത്രിയ സായ്‌നാഥി (26) നെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ മാതാപിതാക്കളായ രാംസിങ്, റാണി ബായി എന്നിവരെയും അഞ്ച് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരം മദ്യപാനിയായ മകന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് കുടുംബം എട്ട് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും അഞ്ചംഗസംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് കാറുകളും ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യം നടത്താന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയറും 23,500 രൂപയും കണ്ടെടുത്തു.
ഒക്ടോബര്‍ 18-ാം തീയതി ഖമ്മാം മിരിയാലഗുഡയില്‍വെച്ചാണ് അഞ്ചംഗസംഘം സായ്‌നാഥിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം കാറില്‍ കൊണ്ടുപോയി സമീപത്തെ നദിയില്‍ തള്ളി. പിറ്റേദിവസം നാട്ടുകാരാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ ഒരു കാറിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ മറ്റുവിവരങ്ങളൊന്നും കണ്ടെത്താനായില്ല.
സംഭവം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. മകനെ കാണാനില്ലെന്ന പരാതി നല്‍കിയ കുടുംബം, അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞാണ് എത്തിയത്. ആശുപത്രി മോര്‍ച്ചറിയില്‍ മരിച്ചത് സായ്‌നാഥ് ആണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി മടങ്ങുകയും ചെയ്തു.
അതിനിടെ, മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ എത്തിയ കാര്‍ പോലീസ് ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്ന അതേ കാറിലാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. ഇതോടെ സായ്‌നാഥിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് തങ്ങളാണെന്ന് ബന്ധുക്കള്‍ സമ്മതിച്ചത്.
കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച സായ്‌നാഥ് സ്ഥിരം മദ്യപാനിയായിരുന്നു. ജോലിക്കും പോയിരുന്നില്ല. മദ്യലഹരിയില്‍ യുവാവിന്റെ ഉപദ്രവം പതിവായതോടെയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. അഞ്ചംഗസംഘത്തിന് എട്ട് ലക്ഷം രൂപ നല്‍കിയാണ് കുടുംബം ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പോലീസ് പറഞ്ഞു.