പാലക്കാട്: കുഴൽമന്ദത്ത് നായ കുറകെ ചാടി ബൈക്ക് യാത്രികയ്ക്കു ദാരുണാന്ത്യം. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴനിയുടെ ഭാര്യ ഉഷ (46) ആണ് മരിച്ചത്. നെച്ചുള്ളി പാലത്തിന് സമീപത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് മരിച്ചത്.
കെട്ടിട നിർമാണ ജോലി കഴിഞ്ഞ്, അയൽവാസിയുടെ ബൈക്കിൽ വരികയായിരുന്നു ഉഷ. നെച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്നും ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴി പൾസ് കുറവായതിനെ തുടർന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുനൽകും മകൾ: നിഷ.