കൊച്ചി:ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയെ വിറപ്പിച്ച നടനാണ് ടി.ജി രവി. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ പലതിനും പൂർണത നൽകിയ നടനാണ് അദ്ദേഹം. ടി.ജി രവിയെന്ന പേര് കേള്‍ക്കുമ്പോള്‍ നടൻ ചെയ്ത് ഫലിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളാകും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക. ഇന്നും സിനിമകളിൽ സജീവമാണ് നടൻ.
1974 ൽ പുറത്തിറങ്ങിയ ഉത്തരായണം എന്ന സിനിമയിലൂടെ ആയിരുന്നു ടി.ജി രവിയുടെ അരങ്ങേറ്റം. ജയനൊപ്പം അഭിനയിച്ച ചാകര എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് നിരവധി വില്ലൻ വേഷങ്ങൾ നടനെ തേടി എത്തുന്നത്. അടുത്തിടെയായി കൂടുതലും ക്യാരക്ടർ റോളുകളിലാണ് ടി.ജി രവി അഭിനയിക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമായ നടന് സിനിമയിൽ നിന്ന് ഒരുപാട് അനുഭവങ്ങളുണ്ട്.
ഒരിക്കൽ ഒരു സംവിധായകനെ അടിക്കേണ്ട സാഹചര്യം നടന് വന്നിട്ടുണ്ട്. ‘ഒരിക്കൽ ഞാൻ അഭിനയിച്ച ഒരു സിനിമ കാണാൻ പോയപ്പോൾ എന്റെ ഭാര്യ കരഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചാണ് പോയത്. ഞാൻ ചെയ്യാത്ത ഒരു പോഷൻ ബിറ്റ് ഇട്ട് കയറ്റി ആ സിനിമയുടെ സംവിധായകൻ. ഒരു ബെഡ്‌റൂം സീനായിരുന്നു അത്. അതിലെ വിരിപ്പ് മാത്രം കണ്ടാൽ മതി, ബാക്കിയെല്ലാം മദ്രാസിലുള്ള പിള്ളേർ ചെയ്യും. അതാണ് ഭാര്യ കാണാനിടയായത്. അങ്ങനെ ആ ഡയറക്ടറെ ഞാൻ തല്ലി’,
‘നമ്മൾ അഭിനയിക്കുമ്പോൾ അബദ്ധവശാൽ ചിലതൊക്കെ സംഭവിക്കും. ഒരു സിനിമയിൽ ഞാനൊരു പെൺകുട്ടിയെ എടുത്തുകൊണ്ട് പോകുന്ന സീനുണ്ടായിരുന്നു. അതിനിടയ്ക്ക് എന്റെ കൈ തട്ടി ആ പെൺകുട്ടിയുടെ ഫ്രോക്ക് ഒന്നു പൊങ്ങിപ്പോയി. അത് കട്ട് ചെയ്തിട്ടാണ് അവർ ആ സിനിമ റിലീസ് ചെയ്തത്. അതാണ് ശരി’,
‘ഇതുപോലെ മറ്റൊരു സിനിമയിൽ ഞാൻ മാധുരിയ്ക്ക് സാരി ഉടുത്തുകൊടുന്ന സീനുണ്ടായിരുന്നു. പോസ്റ്റർ വന്നപ്പോൾ അതിലെന്റെ കൈയുടെ പകുതിയേ ഉള്ളൂ. അതും ഒരുപാട് ബുദ്ധിമുട്ടിച്ചു. ഇതൊക്കെ കൊണ്ടാണ് മലയാള സിനിമയ്ക്ക് അന്ന് മദ്രാസിൽ ചീത്തപ്പേര് ഉണ്ടായത്’, ടി.ജി രവി പറഞ്ഞു.
തന്റെ സിനിമയുടെ പേര് കണ്ട് ആളുകൾ തിയേറ്ററിൽ ഇടിച്ചു കയറിയ ഒരു രസകരമായ സംഭവത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇടിയും മിന്നലും എന്ന ഒരു സിനിമ ഉണ്ടായിരുന്നു, ആ പേര് കണ്ടിട്ട് ടി ജി രവിയുടെ സിനിമയല്ലേ എന്തെങ്കിലും കാണുമെന്ന് കരുതി പിള്ളേരൊക്കെ തിയേറ്ററിലേക്ക് ഇടിച്ചു കയറി.
സത്യത്തിൽ ഞാൻ നല്ലൊരു വേഷം ചെയ്ത സിനിമയായിരുന്നു. അതിനാണ് ബിറ്റ് പ്രതീക്ഷിച്ച് ആളുകൾ കയറിയത്, ടി.ജി രവി ഒരു ചിരിയോടെ പറഞ്ഞു. ബിറ്റ് കാണാൻ വേണ്ടി അന്നൊക്കെ വലിയ തിരക്കായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.