‘അവളുടെ കയ്യില്‍ സംവിധായകന്‍ കടിച്ചു’ ഭാര്യ അഭിനയം നിര്‍ത്തിയതിനെപ്പറ്റി മനോജ് വാജ്‌പേയ്
മുംബൈ:ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഒരാളായിരിക്കും മനോജ് വാജ്‌പേയ്. സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള മനോജ് വാജ്‌പേയിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിട്ടുണ്ട്. സിനിമകളില്‍ മാത്രമല്ല വെബ് സീരീസുകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് വെബ് സീരീസായ ദ ഫാമിലി മാനിലൂടെ ഒടിടിയില്‍ സൂപ്പര്‍ താരമായി മാറുകയായിരുന്നു മനോജ് വാജ്‌പേയ്.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെയാണ് മനോജ് വാജ്‌പേയ് കരിയര്‍ പടുത്തുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തുക എന്നത് മനോജ് വാജ്‌പേയിയെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരുന്നു. മനോജ് കരിയറില്‍ വിജയം കണ്ടെത്തിയെങ്കിലും ഈ ഓട്ടത്തില്‍ വീണു പോയ ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ നേഹ വാജ്‌പേയ്.
മനോജിനെ പോലെ തന്നെ നാടക പശ്ചാത്തലമുള്ളയാളാണ് നേഹ. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ കരീബില്‍ ബോബി ഡിയോളിന്റെ ഒപ്പം അഭിനയിച്ചാണ് നേഹ കരിയര്‍ ആരംഭിക്കുന്നത്. പിന്നീടും അഭിനയിച്ചുവെങ്കിലും നേഹയുടെ കരിയറിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 2009 ഓടെ നേഹ അഭിനയ ജീവിതത്തോട് പൂര്‍ണമായും വിട പറയുകയായിരുന്നു.
ഇപ്പോഴിതാ നേഹ എന്തുകൊണ്ടാണ് അഭിനയം വിട്ടതെന്നും 2009 ന് ശേഷം അഭിനയിക്കാതിരുന്നതെന്നും പറയുകയാണ് മനോജ് വാജ്‌പേയ്. നേഹയ്ക്ക് അഭിനയത്തോടുള്ള താല്‍പര്യം നഷ്ടമായതോ അഭിനയിക്കാന്‍ അറിയാത്തതോ അല്ല കാരണമെന്നാണ് മനോജ് വാജ്‌പേയ് പറയുന്നത്. എന്നാല്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്തന്.
”അവള്‍ സിനിമ ഉപേക്ഷിച്ച് പോയിട്ടില്ല. എന്തുകൊണ്ടോ അവള്‍ക്ക് സിനിമകള്‍ കിട്ടാതായി. ഇവിടെ വല്ലാത്ത പൊളിറ്റിക്‌സാണ്. അവള്‍ ഔട്ട് സൈഡറാണ്. മെന്ററും ഉണ്ടായിരുന്നില്ല” എന്നാണ് മനോജ് വാജ്‌പേയ് നേഹയുടെ കരിയറിന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നത്. നേഹയ്ക്ക് കരീബ് സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്ര നേഹയുടെ കയ്യില്‍ കടിച്ചുവെന്നാണ് മനോജ് വാജ്‌പേയ് തുറന്നു പറയുന്തന്.
”ശബാനയ്ക്ക് അഭിനയത്തില്‍ ഫോര്‍മല്‍ ട്രെയ്‌നിംഗ് ഉണ്ടായിരുന്നില്ല. ഒരു സീനിനെ അവള്‍ തെറ്റായ കൈ ആയിരുന്നു തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരുന്നത്. ഇടത്തേ കൈ ആയിരുന്നു ഉയര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ അവള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയിരുന്നത് വലത്തേ കൈ ആയിരുന്നു. അതിനാല്‍ അവള്‍ ഇടത്തേ കൈ തന്നെ മറക്കതെ പൊക്കാന്‍ വിധു അവളുടെ കയ്യില്‍ കടിച്ചു. എന്നോട് ആരും അങ്ങനെ ചെയ്യില്ല” എന്നാണ് ആ സംഭവത്തെക്കുറിച്ച് മനോജ് വാജ്‌പേയ് പറയുന്നത്.
ആ സംഭവം നേഹയെ ആകെ ആശങ്കയിലാക്കി. ഇതായിരിക്കും ഇവിടുത്തെ രീതിയെന്ന് നേഹ തെറ്റിദ്ധരിച്ചു. ”അവള്‍ പുതിയ ആളായിരന്നു. അവള്‍ക്ക് അത് ശരിയായ രീതിയാണോ എന്ന് അറിയില്ലായിരുന്നു. ഇങ്ങനെയാകും എല്ലാ സംവിധായകരും വര്‍ക്ക് ചെയ്യുന്നതെന്ന് അവള്‍ കരുതി. എല്ലാവരും ഭ്രാന്തുള്ള ജീനിയസുകളാണെന്നും തോന്നുന്നതെന്തും ചെയ്യുമെന്നും അവള്‍ ചിന്തിച്ചു” എന്നാണ് മനോജ് വാജ്‌പേയ് പറയുന്നത്.
നേഹയുടെ യഥാര്‍ത്ഥ പേര് ശബാന എന്നാണ്. അഭിനേത്രിയായപ്പോഴാണ് നേഹ എന്ന പേര് സ്വീകരിക്കുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് ചിത്രത്തിലെ നായകനായ ബോബി ഡിയോള്‍ പിന്നീടൊരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ”അദ്ദേഹം അവരോട് തുടര്‍ച്ചയായി ദേഷ്യപ്പെട്ട് അലറുകയായിരുന്നു. ഒരു സീനില്‍ നേഹ മലയുടെ മുകളില്‍ നിന്നും വന്ന് ഇടത്തേ കൈ നീട്ടണമായിരുന്നു. പല ടേക്ക് പോയിട്ടും ശരിയാകാതെ വന്നപ്പോള്‍ വിധു അവരോട് വലത്തേ കയ്യില്‍ കടിക്കാന്‍ പറഞ്ഞു. പക്ഷെ എന്നിട്ടും അവള്‍ക്ക് തെറ്റി. 20 ടേക്ക് കഴിഞ്ഞതും വിധുവിന് നിയന്ത്രണം നഷ്ടമായി. അദ്ദേഹം എന്താണ് ചെയ്തതെന്നോ, അദ്ദേഹം അവളുടെ വലത്തേ കയ്യില്‍ കടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. പ്രതികരിക്കാന്‍ പോലുമായില്ല” എന്നാണ് ബോബി ഡിയോള്‍ പറഞ്ഞത്.
കരീബിന് ശേഷം ഹൃത്വിക് റോഷനൊപ്പം ഫിസയിലും നേഹ അഭിനയിച്ചിരുന്നു. അജയ് ദേവ്ഗണ്‍ ചിത്രം ഹോഗി പ്യാര്‍ കി ജീത്തിലും തമിഴ് ചിത്രം അല്ലി തന്ദ വാനം എന്ന ചിത്രത്തിലും നേഹ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ ആസിഡ് ഫാക്ടറിയാണ് നേഹ ഒടുവില്‍ അഭിനയിച്ച സിനിമ.