തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം വർധിപ്പിച്ചതു പിൻവലിച്ച് സർക്കാർ ഉത്തരവ് ഇറക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തിയ ഉത്തരവ്, വ്യാപക എതിര്‍പ്പുകൾ ഉയർന്നതിനെ തുടർന്ന് മരവിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
‘‘കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടേതുപോലെ 60 വയസ്സായി ഏകീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിലെ ‘റിട്ടയർമെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇൻ കേരള പിഎസ്‌യു’ എന്ന ക്ലോസ് പ്രകാരമുള്ള നടപടികൾ നിർത്തിവച്ചു.
ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചതിനു ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ‘റിട്ടയർമെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇൻ കേരള പിഎസ്‌യു’ എന്ന ക്ലോസ് പ്രകാരമുള്ള നടപടികൾ നിർത്തിവച്ചു. ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കും’’– ഉത്തരവിൽ വ്യക്തമാക്കി.