തൃശ്ശൂർ: ചേറ്റുവ തീരത്ത് ശക്തമായ തിരമാലയിൽ പെട്ട് ബോട്ട് മറിഞ്ഞ് കാണാതാവുകയും ഇന്ന് കണ്ടെത്തുകയും ചെയ്ത മൃതദേഹങ്ങൾ വീണ്ടും ഒഴുകിപോയി. തൃശൂർ ചാവക്കാട് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ നിരീക്ഷണത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളാണ് വീണ്ടും ഒഴുക്കിൽപ്പെട്ടത്. മൃതദേഹങ്ങൾ എടുക്കാൻ ഇവിടേക്ക് ബോട്ടിലെത്തിയവർക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഇതോടെ കോസ്റ്റ് ഗാർഡ് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. മൃതദേഹങ്ങൾ കണ്ടെത്തിയത് അറിഞ്ഞ് തൃശ്ശൂർ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയിരുന്നു.
കടലിൽ ചാവക്കാട് അഴിമുഖത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരുടേതായിരുന്നു മൃതദേഹങ്ങൾ.
ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞ് ആറ് പേർ കടലിൽ വീണത്. അപകടത്തിൽ പെട്ടവരിൽ മൂന്ന് പേർ ഉടൻ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപായിരുന്നു ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ് ചരിഞ്ഞ ബോട്ടിൽ നിന്ന് തൊഴിലാളികൾ കടലിലേക്ക് വീണത്.
മണിയൻ, ഗിൽബർട്ട് എന്നിവര്‍ക്ക് പുറമെ സന്തോഷ് എന്നയാളെയും കാണാതായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ വർഗീസ്, സെല്ലസ്, സുനിൽ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് അപകടം നടന്ന ഭാഗത്ത് തിങ്കളാഴ്ച തന്നെ തെരച്ചിൽ നടത്തിയിരുന്നു.
എന്നാൽ ശക്തമായ തിരമാല കാരണം കാണാതായവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിന്‍റെ ബോട്ട് പോലും അഴിമുഖത്ത് ഇറക്കാൻ കഴിയാത്ത നിലയിൽ തിരമാലകൾ അതിശക്തമായതാണ് തെരച്ചിൽ വൈകിപ്പിച്ചത്. കാണാതായവരെ കണ്ടെത്താൻ ഇന്നലെ നീന്തി രക്ഷപ്പെട്ടവരെ അടക്കം ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തി. ഈ ശ്രമവും ഫലം കണ്ടില്ല. ഇന്നാണ്കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.