ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കേയാണ് പുതിയ അറിയിപ്പ്. ഇത് പ്രകാരം 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ പുതുക്കാനാകും. ആധാർ കാർഡിലെ പേര്, ജനനതീയതി, മേൽവിലാസം തുടങ്ങിയ വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ കഴിയുക.
ആധാർ വിവരങ്ങൾ പുതുക്കാനുള്ള ആദ്യ സമയപരിധി ജൂൺ 14 വരെയായിരുന്നു. പിന്നീട് ഇത് ഡിസംബർ 14 വരെയാക്കി നീട്ടുകയായിരുന്നു. നാളെ സമയപരിധി തീരാനിരിക്കെ വലിയ തിരക്കാണ് അക്ഷയ, ജനസേവാ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. എൻറോൾമെന്റ് തീയതി മുതൽ 10 വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിയമം.
myAadhaar പോർട്ടലിലൂടെ ആധാർ പുതുക്കാൻ സാധിക്കും. 50 രൂപ ഫീസ് നൽകി പേര്, ജനന തീയതി, വിലാസം മുതലായ വിവരങ്ങൾ ഓൺലൈൻ ആയി നമുക്ക് തന്നെ തിരുത്താൻ കഴിയും. എന്നാൽ, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ പുതുക്കാൻ ആധാർ കേന്ദ്രങ്ങളിൽ തന്നെ പോകണം.