
മുംബൈ: ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മേഘാലയിലെ ബര്‍ണിഹാട് നഗരമാണ്. ലോകത്തിലെ ഏറ്റവും മലിനമായ വായു ബര്‍ണിഹാട്ടിലേത് ആണെന്നാണ് സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിൽ പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മലിനമായ രാജ്യങ്ങളുടെ 2024-ലെ പട്ടികയില്‍ ഇന്ത്യ അഞ്ചാമതാണ്. 2023-ല്‍ ഇത് മൂന്നാംസ്ഥാനമായിരുന്നു. ഇന്ത്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ബര്‍ണിഹാട്ടിൽ സ്ഥിതി ഗുരുതരമാണ് .
അസം-മേഘാലയ അതിർത്തിയിലാണ് വ്യാവസായിക നഗരമായ ബര്‍ണിഹാട് സ്ഥിതിചെയ്യുന്നത്. ഡിസ്റ്റിലറികൾ, ഇരുമ്പ്, സ്റ്റീൽ പ്ലാന്റുകൾ, സിമന്റ് ഫാക്ടറികൾ, ബീവറേജ് നിർമാണ് യൂണിറ്റുകൾ എന്നിങ്ങനെ ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഏകദേശം 49.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വൻതോതിൽ അന്തരീക്ഷത്തിലേക്ക് പദാർഥ കണികകൾ പുറംതള്ളുന്ന 41 ഫാക്ടറികളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. അസമിലെ ഗുവാഹത്തി നഗരത്തിലുള്ള ഇഷ്ടിക ചൂളകളും വ്യവസായ യൂണിറ്റുകളും ബര്‍ണിഹാടിന് സമീപമാണുള്ളത്.
മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ അഭാവവും അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയുമാണ് ഏറെ കാലമായി പ്രദേശത്ത് തുടരുന്ന മലിനീകരണതോത് തിരിച്ചറിയാൻ വൈകിയത്. ബര്‍ണിഹാട് നഗരത്തിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് പ്രധാന മലിനീകരണ നിയന്ത്രണ അതോറിറ്റി സ്ഥിതി ചെയ്യുന്നത്. കൂടാതെ, അതിർത്തികളിലൂടെയുള്ള ചരക്ക് വാഹനങ്ങളുടെ സഞ്ചാരവും മലിനീകരണം വർധിപ്പിക്കുന്നു. ഭാരവാഹനങ്ങളിൽനിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ തോത് അത്രയധികമാണ്. വഷളായിക്കൊണ്ടിരിക്കുന്ന മലിനീകരണതോത് സംബന്ധിച്ച് വിദഗ്ധർ തുടർച്ചയായി ആശങ്കകൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇടപെടൽ ഉണ്ടായില്ല. മലിനീകരണ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കണം എന്നതടക്കമുള്ള ശുപാർശകൾ ഇവർ മുന്നോട്ടുവെച്ചിരുന്നു.
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ബര്‍ണിഹാട് ഒന്നാമതെത്തി എന്നറിയുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് മേഘാലയ മുഖ്യമന്ത്രി കോൺറാട് സാങ്മ പറഞ്ഞത്.ബര്‍ണിഹാട്ടിലെ സ്ഥിതി നിയന്ത്രിക്കാൻ തന്റെ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി, പഞ്ചാബിലെ മുല്ലന്‍പുര്‍, ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഢ്, നോയിഡ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മലിനമായ മറ്റു ഇന്ത്യന്‍ നഗരങ്ങള്‍. പട്ടികയിലെ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ചാഡ്, ബംഗ്ലാദേശ്, പാകിസ്താന്‍, കോംഗോ എന്നിവയാണ് മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.