തിരുവല്ലം: യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി തിരുവല്ലം പാലത്തിന്റെ ഒരുവശത്തുളള കൈവരിയില്‍ ഇടിച്ചുകയറി. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിനോട് ചേര്‍ത്ത് നിര്‍മ്മിച്ചിരുന്ന 15 അടിയോളം ഉയരമുള്ള ഇരുമ്പ് വേലി തകര്‍ന്ന് താഴേയ്ക്ക് പതിച്ചു.
കാറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കുകളുള്ളതായി തിരുവല്ലം പോലീസ് പറയുന്നു. എന്നാല്‍, അപകടത്തില്‍പ്പെട്ടതോടെ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഇറങ്ങിയോടി. പൂന്തുറ, പുതിയതുറ, തമിഴ്നാട് ഉള്‍പ്പെട്ട ഭാഗത്ത് നിന്നുളള യുവാക്കളാണ് സംഘത്തിലുള്ളതെന്നും സൂചനയുണ്ട്.
ഞായറാഴ്ച രാത്രി 11 ഓടെ തിരുവല്ലം- കോവളം ബൈപ്പാസില്‍ തിരുവല്ലം പാലത്തിലാണ് അപകടം. തമിഴ്നാട് ഭാഗത്ത് നിന്നുമെത്തിയ കാറാണെന്ന് സംശയിക്കുന്നു. കോവളം- തിരുവല്ലം ബൈപ്പാസിലൂടെ എത്തിയ കാര്‍ കുമരിചന്ത ഭാഗത്ത് എത്തിയശേഷം തിരികെ തിരുവല്ലത്തേക്ക് വരുകയായിരുന്നു.
അമിത വേഗത്തിലെത്തിയ കാര്‍ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം പെട്ടെന്ന് തിരിക്കാന്‍ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ ഡിവൈഡറിലിടിച്ച് കയറി ഇരുമ്പ് കൈവരിയും ഉയരമുളള ഇരുമ്പ് വേലിയും തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് തിരുവല്ലം പോലീസെത്തി വിഴിഞ്ഞം അഗ്‌നിരക്ഷാ സേനയെ അറിയിച്ചു