മലപ്പുറം: ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളിയുടെ മൊബെെൽ ഫോണാണ് കത്തി നശിച്ചത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബെെൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
അതിഥി തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബെെൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടൻ കത്തിയത്. പിന്നാലെ ജീവനക്കാരൻ തീയണച്ചു. മൊബെെൽ ഫോണിന്റെ ബാറ്ററി പൊള്ളിയ അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കെെയിൽ ഇരുന്ന് ഫോൺ പൊട്ടിത്തൊറിക്കുമായിരുന്നു.
പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ്ചെയ്യാൻ കുത്തി ഇട്ടിരുന്ന മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് ഒക്ടോബറിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. വീടിനകത്തെ ഫർണിച്ചറുകളും ഇലക്‌ട്രോണിക് സാമഗ്രികളും ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിക്കുകയായിരുന്നു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. താനുപയോഗിച്ചിരുന്ന സാംസംഗ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞിരുന്നു.