ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാന്‍ നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനാണു (സിബിഡിടി) കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ രാജീവ് വസ്തുതകള്‍ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണു നടപടി.
2021-22 ല്‍ 680 രൂപയും 2022-23 ല്‍ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ആവണി ബന്‍സല്‍ ആണ് തിരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ രാജീവിന്റെ പത്രിക തള്ളണമെന്നായിരുന്നു ആവശ്യം. എന്നാല്‍, രാജീവിന്റെ പത്രിക സ്വീകരിച്ചു. 2018 ല്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും രാജീവ് യഥാര്‍ഥ സ്വത്തുവിവരം മറച്ചു വച്ചതായി പരാതിയിലുണ്ട്. ഇതു സംബന്ധിച്ചു ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
2018ലെ പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് അയച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും തുടർന്ന് എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ലെന്നും ആവണി പറഞ്ഞു. 14.40 കോടിയുടെ സ്ഥാവര വസ്തുക്കളിൽ രാജീവ് താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ല. ഏറ്റവും സമ്പന്നനായ രാജ്യസഭാംഗമാണു രാജീവ് ചന്ദ്രശേഖർ എന്ന വിവരം പുറത്തു വന്നിരിക്കുമ്പോഴാണിതെന്നും പരാതിയിൽ പറയുന്നു.