കൊച്ചി:ഹാസ്യ കഥാപാത്രത്തിലൂടെയും വില്ലത്തിയായിട്ടുമൊക്കെ ശ്രദ്ധേയായി മാറിയ നടിയാണ് പ്രിയങ്ക അനൂപ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന നടി കരിയറില്‍ നല്ല വേഷങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് പറയുകയാണ്. നല്ലൊരു സംവിധായകന്‍ വിചാരിച്ചാല്‍ താനടക്കമുള്ളവര്‍ക്ക് കഴിവ് പുറത്തെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.
കോമഡി മാത്രം ചെയ്ത് കരിയറില്‍ ഞെട്ടിച്ച നിരവധി പേരുണ്ട്. നടന്മാരായ ഇന്ദ്രന്‍സ്, സുരാജ്, സലിം കുമാര്‍ തുടങ്ങിയ താരങ്ങളൊക്കെ ഇതിന് ഉദ്ദാഹരണങ്ങളാണ്. ന്യൂജനറേഷന്‍ സിനിമകള്‍ വന്നതോടെ താനടക്കമുള്ളവരെ വല്ലാതെ ബാധിച്ചുവെന്നും പ്രിയങ്ക പറയുന്നു.
ഇപ്പോള്‍ വരുന്നതെല്ലാം ന്യൂജനറേഷന്‍ സിനിമകളാണ്. പുതിയ ആള്‍ക്കാരും ഒരു നായികയുമൊക്കെയാണ് അതിലുണ്ടാവുക. അമ്മ, പെങ്ങള്‍, അങ്ങനെയൊക്കെയുള്ള ക്യാരക്ടര്‍ കുറവാണ്. അത് ബാധിച്ചിരിക്കുന്നത് സൈഡായിട്ടും സഹനടിയായിട്ടും അഭിനയിക്കുന്ന ഞങ്ങളെ പോലെയുള്ളവരെയാണ്.
ഒരു പടത്തില്‍ ഒരു സീനില്‍ അഭിനയിച്ചാലും ഞങ്ങള്‍ക്ക് വിഷയമൊന്നുമില്ല. അതൊന്നും നമ്മളെ ബാധിക്കില്ല. നായികയായി അഭിനയിക്കുന്നവരെയാണ് അത് ബാധിക്കുന്നത്. ഇപ്പോഴത്തെ സിനിമ വെച്ച് നോക്കുകയാണെങ്കില്‍ എന്റെ കഴിവ് പുറത്തെടുക്കാനും മാത്രമുള്ള ക്യാരക്ടറുകളൊന്നും എനിക്ക് ലഭിച്ചിട്ടില്ല. ഒരു പടത്തില്‍ ഞാന്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്.
നമ്മളും നല്ലൊരു നടിയാണെന്ന് പറയാന്‍ ഒരു ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്റും വിചാരിച്ചാല്‍ പറ്റും. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഇന്ദ്രന്‍സേട്ടന്‍ ഒരുപാട് കോമഡി റോളുകളൊക്കെ ചെയ്തിരുന്ന ആളാണ്. അദ്ദേഹം ഇപ്പോള്‍ ഏത് റേഞ്ച് വരെ എത്തി എന്ന് നോക്കാവുന്നതേയുള്ളു. അതുപോലെ ഒരുപാട് പേരുണ്ട്.
സുരാജേട്ടന്‍, സലീമേട്ടന്‍ തുടങ്ങിയവരൊക്കെ കോമഡി മാത്രം ചെയ്തിട്ട് ഇപ്പോള്‍ എവിടെ എത്തി. ക്യാരക്ടര്‍ ചെയ്ഞ്ച് ചെയ്ത് കാണിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇവരും അങ്ങനെ ചെയ്താല്‍ നന്നാവുമെന്ന് നല്ലൊരു സംവിധായകനാണ് വിചാരിക്കേണ്ടത്.
മലയാള സിനിമയില്‍ നിന്നും പ്രിയങ്കയെ കൊണ്ട് ഇങ്ങനൊരു റോള്‍ ചെയ്യിപ്പിക്കാം എന്ന് ചിന്തിക്കുന്ന ആരും ഉണ്ടായിട്ടില്ല. ഓരോ വര്‍ഷം പോവുന്തോറും നല്ല സമയങ്ങളാണ് പോയി കെണ്ടിരിക്കുന്നത്. എനിക്ക് വയസായി എന്നല്ല ഞാന്‍ പറയുന്നത്. അത്ര പ്രായമുള്ള ആളുമല്ല ഞാന്‍. വയസ് മനസിനാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്ന് പ്രിയങ്ക പറയുന്നു.
പിന്നെ തമിഴിലൊക്കെ പോയാല്‍ ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയേക്കാം. എന്നൊരു പ്രതീക്ഷയുണ്ട്. ഇനി തമിഴായിരിക്കും നമുക്ക് കിട്ടുക എന്ന് തോന്നുന്നു, അങ്ങനൊരു സിനിമയുടെ ചര്‍ച്ച കഴിഞ്ഞിട്ട് ഇരിക്കുകയാണ് താനെന്ന് നടി പറയുന്നു. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഈ കരിയര്‍ ശരിക്കുമെനിക്ക് ലോട്ടറി അടിച്ചത് പോലെയാണ്. കാരണം ഒരിക്കലും സിനിമയില്‍ വരുമെന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടില്ല.
ഡാന്‍സായിട്ടോ നാടകമായിട്ടോ ഒന്നും ചെയ്യാത്തയാളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ആ പ്രിയങ്ക ചേച്ചിയല്ലേ എന്ന് ആളുകള്‍ ചോദിക്കുന്നത് തന്നെ എനിക്ക് വലിയ സന്തോഷമാണ്. എല്ലാം പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ്. ഇനിയും മുന്നോട്ട് നല്ല വേഷങ്ങളൊക്കെ കിട്ടി മുന്നോട്ട് അഭിനയവുമായി ചെറിയൊരു കലാകാരിയായി നില്‍ക്കാന്‍ സാധിക്കട്ടെ എന്നാണ് വിചാരിക്കുന്നതെന്നും നടി സൂചിപ്പിക്കുന്നു.