CrimeKeralaNews

എളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളിൽ പിടിയിൽ

കൊച്ചി: എളംകുളത്ത് വീട്ടിനുള്ളിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കൂടെ താമസിച്ചിരുന്ന റാം ബഹാദൂർ ബിസ്ത്(45) പിടിയില്‍. എറണാകുളം സിറ്റി പൊലീസ് കേന്ദ്ര ആഭ്യന്തര വകുപ്പു വഴി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേപ്പാൾ പൊലീസ് ഇയാളെ പിടികൂടിയതായാണ് വിവരം.

നേപ്പാളിൽ ഒളിവിൽ കഴിയുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും നേപ്പാളി സ്വദേശിനി ഭാഗീരഥി ഗാമിയെ ഇയാൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ കൈമാറുന്നതു സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങൾ ഇയാളെ കേരളത്തിൽ എത്തിക്കാൻ തടസമാകുന്നുണ്ട്.

രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതിലെ നിയമ പ്രശ്നം പ്രതിസന്ധിയാകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എറണാകുളം സിറ്റി പൊലീസിന്റെ അഞ്ച്  അന്വേഷണ സംഘങ്ങൾ ഇയാളുടെ ഒളിത്താവളങ്ങൾ തേടിയുള്ള അന്വേഷണത്തിലായിരുന്നു. ഡൽഹിയിലും ഉത്തരാഖണ്ഡിലും സംഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് കൊല്ലപ്പെട്ട ഭാഗീരഥി ഗാമിയുടെ ബന്ധുക്കൾ വിവരങ്ങൾ പൊലീസിനു കൈമാറിയിരുന്നു.

ഡൽഹിയിൽ പ്രതി എത്തിയതായി ഫോൺ സിഗ്നൽ വിവരങ്ങൾ ലഭിച്ചിരുന്നു. ഇയാൾ മൊബൈൽ സിംകാർഡ് ഉപേക്ഷിച്ചെങ്കിലും പുതിയ സിംകാർഡ് വാങ്ങി പഴയ ഫോണിൽ ഇട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലിരിക്കെയാണ് ഇയാൾ നേപ്പാളിലേയ്ക്കു കടന്നതായി കണ്ടെത്തിയത്. തുടർന്നു നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചു.  

എളംകുളത്ത് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒറ്റമുറി വീട്ടിൽ ദമ്പതികൾ എന്ന പേരിലാണ് ഒന്നര വർഷമായി ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്. ലക്ഷ്മി എന്ന പേരിലാണ് ഭാഗീരഥി കഴിഞ്ഞിരുന്നത്. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണെന്നും വിശ്വസിപ്പിച്ചിരുന്നു. ഇരുവർക്കും ഇടയിൽ കലഹം പതിവായതോടെ വീട് ഒഴിയണം എന്ന് അറിയിച്ചിരിക്കുകയായിരുന്നു.

ഇതിനിടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷമാണ് പ്രതി മുങ്ങിയത്. ഇതോടെ പൊലീസ് അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതിനിടെ ലഭിച്ച ചില തുമ്പുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button