KeralaNews

തലശ്ശേരി ഗവൺമെന്റ് കോളേജ് ഇനി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക കോളേജ്; പേര് മാറ്റവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: തലശ്ശേരി ഗവൺമെന്റ് കോളേജിന്റെ പേര് മാറ്റാൻ തീരുമാനമെടുത്ത് സർക്കാർ. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണനോടുള്ള ആദരസൂചകമായി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക കോളേജെന്നാകും ഗവൺമെന്റ് കോളേജിനെ പുനർനാമകരണം ചെയ്യുക. വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്.

ഗവൺമെന്റ് കോളേജിന്റെ ഉന്നമനത്തിനായി മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും മുൻകൈയെടുത്ത കോടിയേരിയോടുള്ള ആദര സൂചകമായാണ് കോളേജിന്റെ പേര് മാറ്റുന്നതെന്നും മന്ത്രി പറഞ്ഞു. കോടിയേരിയുടെ പേര് കോളേജിന് നൽകണമെന്ന് നിയമസഭാ സ്‌പീക്കറും തലശ്ശേരി എം എൽ എയുമായ എ.എൻ ഷംസീർ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഇതോടൊപ്പം കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്രസർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചു. പക്ഷെ സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിക്കപ്പെട്ടു.

പുനർനാമകരണം വേഗമാക്കാൻ വീണ്ടും സാമൂഹ്യനീതി വകുപ്പ് ശക്തമായ നിർദ്ദേശം നൽകിയതായും 2023 ഓഗസ്റ്റിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസർക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തിൽ ഓൺലൈനായി സമർപ്പിച്ചു. ഇതേത്തുടർന്നാണ് പുതിയ പേരിന് അംഗീകാരം ലഭിച്ചതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.സർക്കാർ, പൊതുവേദികളിൽ ഔദ്യോഗികമായി പൂർണ്ണമായും പുനർനാമകരണം നിലവിൽ വരാൻ ഡയറക്ടർ ബോർഡ് യോഗം ഒക്ടോബർ 25നും തുടർന്ന് ജനറൽബോഡി യോഗവും വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button