ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരും ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നാണ് കത്വ പൊലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ പറഞ്ഞത്.
ട്രക്കില്‍ നിന്നും പിടികൂടിയവയില്‍ നാല് എകെ 47 തോക്കുകളും രണ്ട് എകെ 56 തോക്കുകളും 180 ഓളം വെടിയുണ്ടകളും ആറ് മാഗസിനുകളുമാണ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ട്രക്കിനുള്ളില്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടികൂടിയത്.