കേരളം തീവ്രവാദികളുടെ പിടിയിലേക്ക്; വ്യക്തമായ തെളിവുകള്‍ പുറത്ത് വിട്ട് എന്‍.ഐ.എ
കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലേക്ക് നീങ്ങുന്നു എന്നതിനുള്ള വ്യക്തമായ തെളിവ് പുറത്ത്. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും കേരളത്തിലേയ്ക്ക് വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ക്ക് വേണ്ടിയാണ് ഇതില്‍ അധികവും കടത്തുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ നിരോധിത മരുന്നുകള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വായ്ദ തീവ്രവാദ ഗ്രൂപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ മെത്താഫൈറ്റമിനാണ് കരിപ്പൂരില്‍ പിടികൂടിയത്. ഇന്നലെ പിടികൂടിയ 530 ഗ്രാം മരുന്നിന് രണ്ടേമുക്കാല്‍ കോടിയോളം വില വരുമെന്നാണ് നര്‍ക്കോട്ടിക് വിഭാഗം പറയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ കൊറ്റാളി കുഞ്ഞിപ്പള്ളി വീട്ടില്‍ ജാബിര്‍ (26) പിടിയിലായിരിന്നു. ഇയാളുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാള്‍ വിദേശത്തേക്ക് കടന്നു കളഞ്ഞു. ജാബിറിനെ ചോദ്യംചെയ്ത് വരികയാണ്. രക്ഷപ്പെട്ട യുവാവിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളാണ് ഹവാല ഇടപാടില്‍ മുന്‍പന്തിയില്‍. പാകിസ്ഥാനില്‍ നിന്നാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ എത്തുന്ന പണവും മരുന്നുകളും മത്സ്യബന്ധന യാനങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ വഴിയുമാണ് തീവ്രാവദ ഗ്രൂപ്പുകളുടെ കൈയിലേക്ക് എത്തുന്നതെന്നാണ് സൂചന. പണം എത്തിക്കുന്നവര്‍ക്ക് ഉള്ള ലക്ഷ്യം കമ്മിഷന്‍ മാത്രമാണ്. പണത്തിന്റെ ഉറവിടവും, ഇത് എന്തിന് വേണ്ടി ചെലവാക്കുന്നു എന്നും അറിയാതെയാണ് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പണം പിടിച്ചെടുത്താലും ഇതിന്റെ ഉറവിടം കണ്ടെത്താനാകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.