ടെലികോം മേഖലയിലും മാന്ദ്യം,ഐഡിയ-വോഡാഫോണ്‍ കമ്പനിയ്ക്ക് ഒരു മാസത്തില്‍ നഷ്ടമായത് 11 ലക്ഷം വരിക്കാരെ
മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലും വന്‍ ഇടിവ്.
ജൂണ്‍ മാസത്തിലെ ട്രായിയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വരിക്കാരുണ്ടായിരുന്ന വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ 11.45 ലക്ഷം വരിക്കാരെ നഷ്ടമായി. ഭാരതി എയര്‍ടെല്ലിനാകട്ടെ 29,883 വരിക്കാരെയാണ് നഷ്ടമായത്. ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത്.
ചില ടെലികോം കമ്പനികള്‍ ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. ഇതോടെയാണ് ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍, എംടിഎന്‍എല്‍, ടാറ്റ ടെലി തുടങ്ങി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. 116.54 കോടിയാണ്.രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം.വ്യത്യസ്ത കമ്പനികളായി നിലനിന്ന ഐഡിയയും വോഡാഫോണും ജിയോയുടെ വരവോടെയാണ് പിടിച്ചു നില്‍പ്പിനായി ഒറ്റക്കമ്പനിയായി മാറിയത്.സംയോജനത്തിനുശേഷവും കാര്യങ്ങള്‍ ശുഭകരമല്ലെന്ന സൂചനകളാണ് ട്രായി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.