കൊച്ചി:ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്തതിനും ജിഎസ്‍ടി അടച്ചതിനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് അഭിനന്ദനവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ്. 2022- 23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിക്ക് ലഭിച്ചത്.
ജെന്യൂസ് മുഹമ്മദിന്‍റെ സംവിധാനത്തില്‍ താന്‍ തന്നെ കേന്ദ്ര കഥാപാത്രത്തെ 9 എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് 2019 ലാണ് പൃഥ്വിരാജ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് ചുവട് വച്ചത്. ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍. കെജിഎഫ് 2, കാന്താര അടക്കം നിരവധി ശ്രദ്ധേയ ഇതരഭാഷാ ചിത്രങ്ങളുടെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍വ്വഹിച്ചിട്ടുണ്ട്.
ആടുജീവിതവും വിലായത്ത് ബുദ്ധയുമാണ് മലയാളത്തില്‍ പൃഥ്വിരാജിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം. തെലുങ്കില്‍ പ്രഭാസ് നായകനാവുന്ന പ്രശാന്ത് നീല്‍ ചിത്രം സലാറിനും ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാനിലും പൃഥ്വിരാജ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജ് ശസ്ത്രക്രിയക്ക് വിധേയനായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. മറയൂരില്‍ വച്ച് വിലായത്ത് ബുദ്ധയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്.
ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.