മലപ്പുറം: മലപ്പുറം താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. പത്ത് പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു.
പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഹസ്ന (18), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസൻ (4), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (10), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‍ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), കുന്നുമ്മൽ ആവയിൽ ബീച്ച് റസീന, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38), പുതിയ കടപ്പുറം കുന്നുമ്മൽ വീട്ടിൽ ഷംന കെ (17), മുണ്ടുംപറമ്പ മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ഒട്ടുംപുറം കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സഹറ, പരപ്പനങ്ങാടി സൈതലവിയുടെ മകൾ സഫ്ല ഷെറിൻ, ചെട്ടിപ്പടി വെട്ടിക്കൂട്ടിൽ വീട്ടിൽ ആദിൽ ഷെറി, ചെട്ടിപ്പടി അയിഷാ ബി, വെട്ടിക്കാട്ടിൽ വീട്ടിൽ അർഷൻ, പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സീനത്ത് (45), വെട്ടിക്കൂട്ടിൽ വീട്ടിൽ അദ്നാൻ (9) എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിത്.
തിരൂർ ജില്ലാ ആശുപത്രി, താനൂർ ദയാ ആശുപത്രി, ടി.എച്ച്.ക്യു. ആശുപത്രി തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോർട്ട നടപടികൾ തിരൂരങ്ങാടി, പെരിന്തൽമണ്ണ ആശുപത്രികളിൽ വെച്ച് നടക്കും.
പത്ത് പേർ ചികിത്സയിലാണ്. അയിഷ, മുഹമ്മദ് അഫ്റദ്, അഫ്താഫ്, ഫസ്ന, ഹസീജ, നുസ്റത്ത്, സുബൈദ എന്നിവരും, തിരിച്ചറിയാത്ത മൂന്ന് പേരുമാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി കോട്ടക്കൽ, എം.കെ.എച്ച്. തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തൂവൽതീരത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോട്ട് സർവീസാണ് നാടിന്റെ കണ്ണീരായി മാറിയത്. വൈകീട്ട് 7.30-നാണ് നാല്പതോളം വിനോദസഞ്ചാരികളുമായി ബോട്ട് മറിഞ്ഞത്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടംനടന്നത്. കെ.ടി.ഡി.സി.യുടെ അനുമതിയോടെയാണ് രണ്ടുതട്ടുള്ള സ്വകാര്യബോട്ട് സർവീസ് നടത്തുന്നത്. പുഴയും കടലും ചേരുന്ന മുനമ്പിലാണ് ബോട്ടിനു സർവീസ് നടത്താൻ അനുമതി.