കട്ടപ്പന: കേരളത്തിന്റെ അഭ്യര്‍ഥന മാനിക്കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം ഇന്നലെ രാത്രിയിലും തുറന്നുവിട്ടു. ഡാമില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഡാം തുറന്നു വിടുകയായിരുന്നു. നിലവില്‍ ആകെ ഒന്‍പത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.
ജലനിരപ്പ് കുറഞ്ഞതോടെ രാത്രി പതിനൊന്നോടെ ഒരു ഷട്ടര്‍ ഒഴിച്ച് ബാക്കിയെല്ലാം തമിഴ്‌നാട് അടച്ചു. എന്നാല്‍ പുലര്‍ച്ചെ നാലോടെ നാല് ഷട്ടര്‍ കൂടി ഉയര്‍ത്തി. സെക്കന്‍ഡില്‍ 5600 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇത് പെരിയാറിന്റെ തീരങ്ങളില്‍ വെള്ളപ്പൊക്കത്തിനു കാരണമായി.
ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തിലും തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അപ്പര്‍ മണലാര്‍ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണമായത്. ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് തവണ കേരളത്തിന്റെ ആവശ്യം കാറ്റിൽപറത്തിക്കൊണ്ട് തമിഴ്നാട് രാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ഇന്ന് പുലർച്ചെയോടെ അണക്കെട്ടിന്റെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 141.95 അടിയാണ് ജലനിരപ്പ്.
141.90 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇന്നലെ ജലനിരപ്പ് 141.85 അടിയായി കുറഞ്ഞതോടെ എട്ട് ഷട്ടറുകള്‍ അടച്ചിരുന്നു. രാത്രിയിൽ അണക്കെട്ടിന്റെ സ്പിൽവെ ഷട്ടറുകൾ തുറക്കുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.