ചെന്നൈ:വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങൾമൂലവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ൽ നിന്ന് ആറായി കുറയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങൾ, മൂന്ന് അകമ്പടി വാഹനങ്ങൾ, ഒരു ജാമർ വാഹനം എന്നിവയാണ് ഇനി മുതൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടാകുക.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഇനി മുതൽ ഗതാഗതം നിർത്തിവെക്കില്ല. വാഹനവ്യൂഹം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈയൻമ്പ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.
പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും ചർച്ചയായി. നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിൻ പോലീസിന് നിർദേശം നൽകിയിരുന്നു. എന്നാലിത് പോലീസ് കർശനമായി പാലിച്ചിരുന്നില്ല.
നേരത്തെ, മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേശ് ട്രാഫിക് കുരുക്കിൽപെട്ടതിനെ തുടർന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ ക്ഷമ പറഞ്ഞ ആഭ്യന്തര സെക്രട്ടറി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ഏറെ നേരം ട്രാഫിക് കുരുക്കിൽപ്പെട്ടുപോയ ജഡ്ജി 30 മിനിറ്റോളം താമസിച്ചാണ് കൊടതിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.