EntertainmentKeralaNews

നടന്‍ വിക്രം ആശുപത്രിയില്‍, ഹൃദയാഘാതമെന്ന് റിപ്പോർട്ടുകൾ

നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് വിക്രത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലതരത്തില്‍ ട്വീറ്റുകളാണ് എത്തിയത്. അതേസമയം നടന്‍റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്‍മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. കാര്‍ത്തിക് സുബ്ബരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയും എത്തിയിരുന്നു.

ആര്‍ അജയ് ജ്ഞാനമുത്തുവിന്‍റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്‍റെ സ്പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം,  മണി രത്നത്തിന്‍റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിങ്ങനെയാണ് വിക്രത്തിന്‍റെ ലൈനപ്പ്. ഇതില്‍ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്. 

ഇതില്‍ കോബ്രയാണ് ആദ്യമെത്തുക. കോബ്രയുടെ (Cobra) റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button