തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് തമന്ന ഭാട്ടിയ. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് താരത്തിനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒരാഴ്ച ആശുപത്രിയിലും പിന്നീട് സ്വന്തം ഫ്ളാറ്റിലുമായി തുടരുകയായിരുന്നു. പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം വീട്ടില്‍ തിരിച്ചെത്തിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.
കൊവിഡിനെ അതിജീവിച്ച ശേഷം വണ്ണംവച്ചതിന്റെ പേരിലും സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ക്ക് ഇരയായതിനെ കുറിച്ച് തുറന്നു പറയുകയാണ് തമന്ന. ”വണ്ണം കൂടിയതിന്റെ പേരില്‍ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയായിരുന്നു. കൊവിഡ് കാലത്തുടനീളം ഞാന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വര്‍ധിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്.
ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇത്. ചികിത്സാകാലത്ത് അതിയായ ഭയമുണ്ടായിരുന്നു. മരിക്കുമോ എന്ന ഭയമായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു, ഡോക്ടര്‍മാരാണ് എന്നെ രക്ഷിച്ചത്, ഒപ്പം പിന്തുണച്ച മാതാപിതാക്കള്‍ക്കും ഏറെ നന്ദി പറയണം. ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണവ” -തമന്ന പറയുന്നു.