കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസല്‍ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാകും. ഇതിനു മുന്നോടിയായി താഹ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തീരുമാനത്തില്‍ വിഷമമുണ്ടെന്നും കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും താഹ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിലെ പ്രതികളായ താഹ ഫസലിനും അലന്‍ ഷുഹൈബിനും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നല്‍കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. അലന്‍ ഷുഹൈബിന് ജാമ്യം അനുവദിച്ചതില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അലന്‍ ഷുഹൈബിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത രേഖകളും മറ്റും താരതമ്യേന ഗുരുതരമല്ലെന്നും അറസ്റ്റിലാകുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം 20 വയസ് മാത്രമായിരുന്നെന്നും വിലയിരുത്തിയാണ് ജാമ്യത്തില്‍ ഇടപെടാതിരുന്നത്. അലന്‍ മാനസിക രോഗത്തിനു ചികിത്സയിലാണെന്നതും കണക്കിലെടുത്തു.
2019 നവംബര്‍ ഒന്നിനാണ് ഇരു പ്രതികളെയും കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതോടെ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉസ്മാനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.