
ന്യൂഡൽഹി: ഹരിയാണയിൽ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യൂട്യൂബർമാരായ യുവതിയും യുവാവും മരിച്ചു. ഗർവിത് (25) നന്ദിനി (22) എന്നിവരാണ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഇരുവരും ഒരുമിച്ച് ജീവിച്ചുവരികയായിരുന്നു.
ഹ്രസ്വവീഡിയോകളും ഹ്രസ്വ സിനിമകളും ചിത്രീകരിച്ചു യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും പുറത്തിറക്കിയിരുന്നു. അടുത്തിടെയാണ് അഞ്ചുപേരടങ്ങുന്ന സഹപ്രവർത്തകർക്കൊപ്പം ഇവർ ഡെഹ്റാഢൂണിൽ നിന്ന് ബഹാദുർഗഢിലേക്ക് താമസം മാറ്റിയത്.
ശനിയാഴ്ച രാവിടെ ആറ് മണിയോടെയായിരുന്നു ഇവർ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറയുന്നു. തലേ ദിവസം രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഏറെ വൈകിയായിരുന്നു ഇവർ വീട്ടിൽ എത്തിയത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. രാവിലെയോടെ ഇവർ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്ത് പോലീസ് എത്തി. തുടർനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.
സി.സി.ടി.വി. അടക്കം പോലീസ് പരിശോധിച്ചു വരികയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ജഗ്ഭിർ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)