മലയാളസിനിമയെപ്പറ്റി വാതോരാതെ സംസാരിക്കും പോസ്റ്റിടും; പക്ഷെ അവര്‍ ഒരിക്കലും നമ്മുടെ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യില്ല: നിഖില വിമല്‍

കൊച്ചി: മലയാള സിനിമയിലെ ഇന്നുള്ള തിരക്കുള്ള നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം തിരക്കുള്ള നടിയായി മാറാനും നിഖിലക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു.
മലയാളസിനിമ കൈവരിച്ച വളര്‍ച്ചയെക്കുറിച്ചും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചും സംസാരിക്കുകയാണ് നിഖല വിമല്‍. പുറത്തുനിന്നുള്ളവര്‍ മലയാളസിനിമയെപ്പറ്റി ഒരുപാട് പുകഴ്ത്തുന്ന സമയമാണ് ഇതെന്ന് നിഖല പറഞ്ഞു. അവര്‍ക്കെല്ലാം നമ്മുടെ സിനിമ കാണാന്‍ ഇഷ്ടമാണെങ്കിലും ഒരിക്കലും അത് വാങ്ങാന്‍ അവര്‍ തയ്യാറാകില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ഇറങ്ങുന്ന ഓരോ സിനിമയെപ്പറ്റിയും വാതോരാതെ സംസാരിക്കുമെന്നും ബോളിവുഡില്‍ അങ്ങനെയൊരു സിനിമ വരുന്നില്ലല്ലോ എന്ന് പറഞ്ഞ് പലരും പോസ്റ്റിടാറുണ്ടെന്നും നിഖില പറയുന്നു. എന്നാല്‍ അവരാരും തന്നെ മലയാളസിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കാറില്ലെന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളസിനിമയില്‍ ഇപ്പോഴുള്ള പ്രശ്‌നത്തിന് അത്തരം ഇന്‍വെസ്റ്റ്‌മെന്റ് വളരെയധികം സഹായിക്കുമെന്നും നിഖില വിമല്‍ പറഞ്ഞു. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യേണ്ടത് പ്രധാനമാണെന്നും അത് എങ്ങനെ ചെയ്യണമെന്ന് അറിയില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ അതിനെല്ലാം പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നെന്നും നിഖില വിമല്‍ പറഞ്ഞു.
‘പുറത്തുള്ളവര്‍ നമ്മുടെ ഇന്‍ഡസ്ട്രിയെ ഒരുപാട് പുകഴ്ത്തുന്ന സമയമാണിത്. അവര്‍ക്കെല്ലാം നമ്മുടെ സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. പക്ഷേ, ഒരിക്കലും നമ്മുടെ സിനിമകള്‍ വാങ്ങാന്‍ അവര്‍ തയ്യാറാകില്ല. മലയാളത്തില്‍ ഓരോ നല്ല പടം ഇറങ്ങുമ്പോഴും അത് ഗംഭീര സിനിമയാണെന്ന് പറഞ്ഞ് ഒരുപാട് റിവ്യൂസും പോസ്റ്റുമൊക്കെ ഇടാറുണ്ട്. ബോളിവുഡില്‍ ഇതുപോലുള്ള സിനിമകള്‍ വരുന്നില്ലെന്നും പറയും.
പക്ഷേ, അവിടെ ഇന്‍വെസ്റ്റ് ചെയ്യുന്ന പൈസ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇടാന്‍ പറഞ്ഞാല്‍ അവര്‍ പിന്നോട്ട് പോകും. അതൊന്നും നടക്കാത്തതുകൊണ്ടാകാം നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ വരുന്നത്. അതിനെ അഡ്രസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷേ, അത് എങ്ങനെ വേണമെന്ന് അറിയില്ല. ഇപ്പോള്‍ നടക്കുന്ന സമരം അതിനൊരു പരിഹാരം ഉണ്ടാക്കുമെന്ന് കരുതുന്നു,’ നിഖില വിമല്‍ പറയുന്നു.