KeralaNews

ടി. കെ ഹംസ വഖഫ് ബോർഡ് അധ്യക്ഷ സ്ഥാനം ഇന്ന് രാജിവെയ്ക്കും

കോഴിക്കോട് : ചെയർമാൻ സ്ഥാനം രാജി വെക്കാനുള്ള തീരുമാനം സിപിഎം എടുത്തതാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ടി. കെ ഹംസ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജിവയ്ക്കും. പ്രായപരിധിയിൽ സിപിഎം നൽകിയ ഇളവ് കാലാവധിയും കഴിഞ്ഞെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി അബ്ദുറഹ്മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നുള്ള രാജിയെന്ന ആരോപണങ്ങൾ ഹംസ തള്ളി. മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം വിശദീകരിക്കുന്നത്. 

2020 ജനുവരി 10 ന് ചെയർമാൻ പദവിയിലെത്തിയ അന്നെനിക്ക് 82 വയസുണ്ട്. പ്രത്യേക സാഹചര്യത്തിൽ സിപിഎം പാർട്ടി തീരുമാനമാനുസരിച്ചാണ് പദവി ഏറ്റെടുത്തത്. 80 വയസ് വരെയേ പദവി പാടുള്ളുവെന്നാണ് പാർട്ടി നിയമം. 80 കഴിഞ്ഞാൽ എക്സ്റ്റൻഷൻ തരും. തന്റെ എക്സ്റ്റൻഷൻ കാലാവധിയും കഴിഞ്ഞതിനാലാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. 

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് ഒന്നരവർഷം കാലാവധി ബാക്കിനിൽക്കെയാണ് ടികെ ഹംസ രാജി പ്രഖ്യാപിച്ചത്. മന്ത്രി  അബ്ദുറഹ്മാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള രാജിയെന്ന് വലിയ പ്രചാരണമുണ്ടായി. എന്നാൽ ഇതെല്ലാം ഹംസ തള്ളി. മന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല. മന്ത്രി അബ്ദുറഹ്മാന്നും താനും ഈ കാര്യം വ്യക്തമാക്കിയതാണ്.

ഒരുപാട് പ്രവർത്തനങ്ങൾ താൻ ചെയർമാനായ സമയത്ത് ചെയ്ത് തീർത്തിട്ടുണ്ട്. 144 അന്യാധീന പെട്ട വഖഫ് ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട്. 1091 കേസ് ഉണ്ടായിരുന്നു 401 കേസ് ഒഴികെ ബാക്കി മുഴുവൻ തീർത്തു. മന്ത്രിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായാൽ അത് തീർക്കാനുള്ളതാണ് സിപിഎം. പാർട്ടിക്ക് മുമ്പിൽ ചെയർമാനും മന്ത്രിയും ഒന്നുമല്ല. പാർട്ടിക്ക് മുന്നിൽ അംഗങ്ങൾ മാത്രമാണ് ഞങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. 

എന്നൽ ആരോപണങ്ങൾ തള്ളുമ്പോഴും, ടികെ ഹംസ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കാട്ടി ജൂലൈ 18 ന് നോട്ടീസ് വായിച്ചത് മന്ത്രി അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണെന്നാണ് പുറത്തുവരുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ടികെ ഹംസക്ക് ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു.

മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകളും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ഹംസയുടെ രാജി പ്രഖ്യാപനത്തിനിടെ വഖഫ് ബോർഡ് യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. വഖഫ് ബോർഡ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ സർക്കാർ സമസ്തയുടെ നിർദ്ദേശം തേടും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button