KeralaNews

സ്ത്രീ ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടുദിവസം ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി; പരിഷ്‌കാരവുമായി സ്വിഗ്ഗി

മുംബൈ: സ്ത്രീ ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടുദിവസം ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ഫുഡ് വിതരണ കമ്പനിയായ സ്വിഗ്ഗി. ആര്‍ത്തവകാലത്ത് നിരന്തരം വണ്ടിയില്‍ യാത്ര ചെയ്യുന്നത് സ്ത്രീ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്നതിനാലാണ് പുതിയ തീരുമാനം. നിലവില്‍ അധികം സ്ത്രീകള്‍ ഒന്നും ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നില്ല. ഇതുംകൂടി ലക്ഷ്യമിട്ടാണ് സ്വിഗ്ഗി അടിമുടി പരിഷ്‌കാരത്തിന് ഒരുങ്ങുന്നത്.

തങ്ങളുടെ റെഗുലര്‍ ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് അവധി എടുക്കുന്നതിന് കാരണം ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സ്വിഗ്ഗി അറിയിക്കുന്നു. സ്വിഗിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി പാര്‍ട്ണര്‍മാരില്‍ 99 ശതമാനം സ്ത്രീകളും 45 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ തന്നെ 89 ശതമാനം പേരും അമ്മമാരാണ്. ആയിരത്തോളം സ്ത്രീകളാണ് സ്വിഗിയുടെ ഡെലിവറി പാര്‍ട്ണര്‍മാരായി സേവനം അനുഷ്ഠിക്കുന്നത്.

അതേസമയം, ഓണ്‍ലൈന്‍ ഫുഡ് വിതരണ കമ്പനിയായ സോമാറ്റോയില്‍ ആര്‍ത്തവ ദിനത്തില്‍ അവിധി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ അവധി ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കല്ല, സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഈ നിയമത്തെ പൊളിച്ചെഴുതി കൊണ്ടാണ് സ്വിഗ്ഗി ആര്‍ത്തവ അവധി രണ്ടുനാള്‍ നല്‍കുന്നത്.

ഇതോടൊപ്പം സ്ത്രീകളായ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് ശൗചാലയം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് റസ്റ്റോറന്റ് ഉടമകളുമായി ഇരുകമ്പനികളും നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. ഡെലിവറി പാര്‍ട്ണര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി, അവര്‍ക്ക് സുരക്ഷിതമല്ലെന്ന് തോന്നുന്ന പ്രദേശങ്ങളിലേക്കുള്ള ഓര്‍ഡറുകള്‍ നിരസിക്കാന്‍ അവസരവും നല്‍കിയിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ സ്ത്രീകളെ ഡെലിവറി രംഗത്തേയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സ്വിഗ്ഗി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button