സ്റ്റോക്ക്‌ഹോം:ലോകം മുഴുവൻ പ്രതിസന്ധിയിൽ ആക്കിയ ഒന്നാണ് കൊവിഡ് വ്യാപനം .കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും രക്ഷനേടാനുള്ള കഠിന പ്രയത്നത്തിലാണ് ഓരോ രാജ്യങ്ങളും. രോഗ ബാധ കൂടുന്നതും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം ഓരോ രാജ്യത്തെയും പല വിധത്തിൽ പ്രതിസന്ധിയിൽ ആക്കിയിരുന്നു. അതിനാൽ നിന്നും സാവധാനം കര കയറാനുള്ള ശ്രമത്തിലാണ് ലോകമെങ്ങും.
ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പലതും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ സ്വീഡൻ മറ്റൊരു വലിയ പ്രശ്നത്തിലാണ്. കോവിഡ് മഹാമാരി മൂലം പുരുഷൻമാർ ബീജദാനത്തിന് എത്താത്തതിനാൽ കൃത്രിമ ഗർഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്.
നിലവിൽ ബീജങ്ങൾക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വർഷങ്ങളെപ്പോലെ ഞങ്ങൾക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെൻബെർഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷൻ യൂണിറ്റ് മേധാവി ആൻ തുരിൻ ജെൽബെർഗ് പറഞ്ഞു.
ബീജങ്ങൾ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അർഥമാക്കുന്നത് അസിസ്റ്റഡ് ഗർഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതിൽ നിന്ന് കഴിഞ്ഞ വർഷം 30 മാസം വരെ വർധിച്ചു എന്നാണ്. അതിനാൽ തന്നെ ഗർഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്.
സ്വീഡനിലെ സ്വകാര്യ ക്ലിനിക്കുകൾക്ക് വിദേശത്ത് നിന്നും ആവശ്യത്തിന് ബീജം വാങ്ങാനാകും. എന്നാൽ ഇവിടെ കൃത്രിമഗർഭധാരണത്തിന് ഒരു ലക്ഷം സ്വീഡിഷ് ക്രൗൺ (ഏകദേശം 8.8 ലക്ഷം ഇന്ത്യൻ രൂപ) ആണ് ചെലവ്. ഇത് പലർക്കും താങ്ങാനാവില്ല. സ്വീഡന്റെ നാഷണൽ ഹെൽത്ത് സർവീസിൽ കൃത്രിമഗർഭധാരണ ചികിത്സ സൗജന്യമാണ്.
സ്വീഡിഷ് നിയമപ്രകാരം ഒരു സ്പേം സാംപിൾ പരമാവധി ആറ് സ്ത്രീകളിൽ മാത്രമേ ഉപയോഗിക്കാവൂ. അത്തരത്തിൽ ദാനം ലഭിച്ച ബീജങ്ങളെല്ലാം ഇതുപ്രകാരം ഉപയോഗിച്ചുകഴിഞ്ഞു.
ഒരാളിൽ നിന്ന് ബീജ സാംപിൾ എടുത്താലും പല ടെസ്റ്റുകൾ നടത്തി സുരക്ഷിതമാക്കിയ ശേഷമേ ഉപയോഗിക്കാനാകൂ. ടെസ്റ്റുകളിൽ പരാജയപ്പെടുന്നതു മൂലവും തണുപ്പിച്ച് സൂക്ഷിക്കുന്നതിലെ പ്രശ്നങ്ങൾ മൂലവും ചില സാംപിളുകൾ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതിനാൽ തന്നെ അമ്പത് പുരുഷൻമാർ വന്നാൽ അതിൽ പകുതി പേരിൽ നിന്ന് മാത്രമേ ബീജങ്ങൾ സ്വീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് കെയ്ൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷൻ യൂണിറ്റിലെ മാർഗരെറ്റ കിറ്റ്ലിൻസ്കി പറയുന്നു.
ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാൻ സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും ആഹ്വാനം ചെയ്യാനാനൊരുങ്ങുകയാണ് ഇവർ.