ബെംഗളൂരു: ജീവനു ഭീഷണിയുണ്ടെന്നാരോപിച്ച് സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ ബെംഗളൂരു കെആർ പുരം പൊലീസ് കേസെടുത്ത ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഹാജരാകാൻ വാട്സാപ്പിൽ നോട്ടിസ് അയച്ചു. വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കേരള പൊലീസിന്റെ സഹായം തേടുമെന്നും ഡിസിപി വ്യക്തമാക്കി.
എന്നാൽ താൻ ഒളിവിലല്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും വിജേഷ് പിള്ള ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ബെംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
ഭീഷണിപ്പെടുത്തൽ കുറ്റത്തിനു ചുമത്തുന്ന ക്രിമിനൽ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡ് ഹൂഡി അനുപ് ലേഒൗട്ടിലെ എത്രീ ഹോംസാണ് സ്വപ്നയുടെ മേൽവിലാസമായി എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 4ന് വിജേഷുമായി കണ്ടുമുട്ടിയ വൈറ്റ്ഫീൽഡ് സൂറി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വർണക്കടത്തു കേസിലെ വെളിപ്പെടുത്തലുകൾ പിൻവലിച്ച് നാടുവിട്ടില്ലെങ്കിൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണു വിജേഷിനെ അയച്ചതെന്നുമാണു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവു നശിപ്പിക്കാനായി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നും പരാതിയിലുണ്ട്. കണ്ണൂർ സ്വദേശിയാണു വിജേഷ്.