കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹവേളയിൽ ധരിച്ചത് അഞ്ച് കിലോ (625 പവൻ) സ്വർണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്‌നയ്ക്ക് വൻ സ്വാധീനമായിരുന്നുവെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. യുഎഇ കോൺസുലേറ്റിലും നല്ല സ്വാധീനമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്ഥിരമായി ഉപദേശങ്ങൾ നൽകിയിരുന്ന ‘മാർഗദർശി’യാണെന്നും സ്വപ്നയുടെ മൊഴി ഉദ്ധരിച്ച് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. പൊലീസിലും സ്വപ്നയ്ക്കു വൻ സ്വാധീനമുണ്ടായിരുന്നതായും അതുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.