തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ വളര്‍ച്ചയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരിയില്‍ നിന്ന് എയര്‍ ഇന്ത്യ സാറ്റ്‌സിലും യു.എ.ഇ കോണ്‍സുലേറ്റിലും സംസ്ഥാന ഐ.ടി വകുപ്പിലും വരെയെത്തിയ ജീവിത കഥ സിനിമയെ വെല്ലുന്നതാണ്. സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായി.
പ്ലസ്ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകള്‍ വന്‍വളര്‍ച്ചയിലേക്ക് ഉയര്‍ന്നു. അറബിക് അടക്കം വിവിധ ഭാഷകള്‍ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. 18-ാം വയസ്സില്‍ വിവാഹം കഴിച്ചു. ഭര്‍ത്താവുമായും ചേര്‍ന്നായി പിന്നീട് ഗള്‍ഫിലെ ബിസിനസ്. വിവാഹമോചനത്തിന് ശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി.
കേരളത്തിലെത്തിയതിന് ശേഷം ആദ്യം ജോലിയില്‍ കയറിയത് തിരുവനന്തപുരം ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍. അവിടെ നിന്ന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ പരിശീലന വിഭാഗത്തില്‍ ജോലി ലഭിച്ചു. സ്വപ്നയും ശരത്തും ചേര്‍ന്ന് നിരന്തരം പലരെയും കബളിപ്പിക്കുകയും പലതിലും കൃത്രിമം കാട്ടുകയും ചെയ്തു. കേസില്‍ ആദ്യം പിടിയിലായ സരിത്തിനെ പരിചയപ്പെടുന്നതും ഇവര്‍ ഒന്നിച്ചു ചേര്‍ന്നുള്ള വലിയ തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നതും ഇവിടം മുതലാണ്.
ഒരുവര്‍ഷം മുമ്പ് രണ്ടുപേരും പിടിക്കപ്പെട്ടു. ഓഡിറ്റില്‍ കൃത്രിമം കണ്ടെത്തിയതോടെ രണ്ടുപേരും കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായി. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്വപ്നക്ക് തുണയായി. സ്വാധീനത്തിന്റെ ബലത്തില്‍ സംസ്ഥാന ഐ.ടി വകുപ്പില്‍ ജോലിക്കു കയറുകയായിരുന്നു.