KeralaNews

സ്വപ്ന സുരേഷിൻ്റെ ശമ്പളം തിരിച്ചടയ്ക്കില്ല,പിഡബ്ല്യുസി സർക്കാരിന് മറുപടി നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി ഐ എല്ലിന്റെ ആവശ്യത്തോടാണ് കമ്പനി മുഖം തിരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് തുക നൽകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകി. വിഷയത്തിൽ കെ എസ് കെ ടി ഐ എൽ നിയമോപദേശം തേടി. സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം.

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിലായിരുന്നു സർക്കാർ നടപടി. കൺസൽട്ടൻസി കമ്പനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും, അതിനാൽ സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെഎസ്ഐടിഐഎൽ, പിഡബ്ല്യുസിക്ക് നൽകിയ കത്ത്.

പണം തിരികെ നൽകിയില്ലെങ്കിൽ കൺസൽട്ടൻസി തുക നൽകാനാകില്ലെന്നും പിഡബ്ല്യുസിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വഴിവിട്ട നിയമനം പുറത്തുവന്നതിന് പിന്നാലെ, സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ പിടിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഒന്നരവർഷം മുമ്പ് ധനകാര്യപരിശോധന വിഭാഗം സർക്കാരിന് ശുപാർശ നൽകിയിരുന്നു. പിഡബ്ല്യുസി തുക തിരികെ നൽകിയില്ലെങ്കിൽ, അന്ന് കെഎസ്ഐടിഐഎൽ ചെയർമാനായിരുന്ന എം ശിവശങ്കർ, എംഡിയായിരുന്ന ജയശങ്കർ പ്രസാദ്, സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ് എന്നിവരിൽ നിന്ന് തുല്യമായി പണം ഈടാക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ. പക്ഷെ ഈ ശുപാർശകളിൽ പിന്നീട് സർക്കാർ തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

എം.ശിവശങ്കറിന്റെ പൂർണ അറിവോടെയായിരുന്നു സ്പേസ് പാർക്കിലെ തന്റെ നിയമനം എന്ന് സ്വപന വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സർക്കാരിന്റെ പുതിയ നീക്കം. കൺസൽട്ടൻറ് ഏജൻസിയെ വരെ മാറ്റി നിയമനത്തിന് ശിവശങ്കർ പൂർണ്ണമായും ചരടുവലിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്നപ്നയുടെ വെളിപ്പെടുത്തലുകളിൽ ഇതുവരെ ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയിട്ടുമില്ല. തുക തിരികെ നൽകാനാകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകിയതോടെ കെഎസ്ഐടിഐഎൽ കൂടുതൽ വെട്ടിലായി. ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കുന്നതിനുള്ള നടപടികളിലേക്ക് കെഎസ്ഐടിഐഎല്ലിന് കടക്കേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker