കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്. മംഗളം ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായില്‍ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ഇവിടെ നിന്ന് ജോര്‍ജിയയിലേക്ക് കടന്ന് കളഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജോര്‍ജിയയിലേക്ക് വിജയ് ബാബുവിന് ഒളിച്ചു കടക്കുന്നതിന് കൃത്യമായ സഹായം ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.
നേരത്തെ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇത് പ്രകാരം വിജയ് ബാബുവിന് യാത്രാ വിലക്ക് ഉണ്ടാകും. എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് മുന്‍പ് വിമാന മാര്‍ഗം തന്നെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്ന് കളഞ്ഞതാണോ എന്ന് വ്യക്തതയില്ല. അതേസമയം പാസ്പോര്‍ട്ട് റദ്ദാക്കിയതിന് ശേഷമാണ് വിജയ് ബാബു രക്ഷപ്പെട്ടതെങ്കില്‍ അത് റോഡുമാര്‍ഗമായിരിക്കും എന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘത്തിന്റെ സഹായം വിജയ് ബാബുവിന് ലഭിച്ചിരിക്കാന്‍ ഈ സാധ്യതയുണ്ട്.
ഇക്കാര്യം പൊലീസ് വിശദമായി പരിശോധിക്കും. ഇവരുടെ സഹായത്തോടെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കാതെ മനഃപൂര്‍വമാണ് വിജയ് ബാബു റോഡ്മാര്‍ഗം തെരഞ്ഞെടുത്തത് എന്നാണ് സംശയിക്കുന്നത്. നേരത്തെ തന്നെ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം മൂവായിരത്തിലേറെ കിലോമീറ്റര്‍ പിന്നിട്ടാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്തുക.
41 മണിക്കൂര്‍ സമയമാണ് ഇതിന് വേണ്ടത്. വിജയ് ബാബു രക്ഷപ്പെട്ടത് റോഡുമാര്‍ഗം ആയതിനാലാവാം ദുബായ് അധികൃതര്‍ പോലും അറിയാന്‍ വൈകിയത് എന്നാണ് കരുതുന്നത്. വാണിജ്യപാത വഴി നിരവധി ചരക്കുവാഹനങ്ങള്‍ പോകുന്ന വഴിയായതിനാല്‍ അത്തരം ഏതെങ്കിലും വാഹനങ്ങളില്‍ കയറി വിജയ് ബാബു അതിര്‍ത്തി കടന്നേക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന് കൃത്യമായ സഹായം ആവശ്യനാണ് എന്നതിനാലാണ് അധോലോക സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള സംശയം ബലപ്പെടുത്തുന്നത്.
ദുബായില്‍ നിന്ന് രക്ഷപ്പെട്ടതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം വൈകുകയാണ്. അതേസമയം വിജയ് ബാബുവിന്റെ വിസയും റദ്ദാക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ പാസ്‌പോര്‍ട്ട് ഓഫീസര്‍ മുമ്പാകെ ഹാജരാകാമെന്നു വിജയ് ബാബു അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റിച്ച് വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു വിജയ് ബാബു. താന്‍ ബിസിനസ് ടൂറിലാണെന്നും 24 ന് മാത്രമേ എത്തുകയുള്ളു എന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നു.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിജയ് ബാബു ഇതില്‍ തീര്‍പ്പാകുന്നത് വരെ പൊലീസിന് പിടികൊടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ പരിഗണിച്ചില്ല. രണ്ട് ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ ഇനി ഹര്‍ജി പരിഗണിക്കുകയുള്ളു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണു ജോര്‍ജിയ എന്നതാണ് വിജയ് ബാബു ഒളിവില്‍ കഴിയാന്‍ ഇവിടം തെരഞ്ഞെടുത്തത്.
അതേസമയം ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതി നല്‍കിയത്. ഇതിന് പിന്നാലെ ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലെത്തി ദുബായിലേക്കുമാണ് വിജയ് ബാബു രക്ഷപ്പെട്ടത്. താന്‍ നിരപരാധിയാണെന്നും താനാണ് ഇരയെന്നും അവകാശപ്പെട്ട് ഇതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ ലൈവിലെത്തിയിരുന്നു. ഇരയുടെ പേര് പറഞ്ഞായിരുന്നു വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ്. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരെയുണ്ട്.